വെള്ളയമ്പലം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ 32-ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മാർച്ച് 16 ശനിയാഴ്ച വെള്ളയമ്പലം ലിറ്റില്‍ ഫ്ളവര്‍ ഹാളില്‍ വച്ച് നടന്നു. ‘അധ്യാപകര്‍ പകല്‍ മാതാപിതാക്കള്‍’ എന്നതായിരുന്നു കണ്‍വെന്‍ഷന്‍റെ മുഖ്യപ്രമേയം. ടിച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്‍റ് ശ്രീ. ഇഗനേഷ്യസ് ലയോള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടീച്ചേഴ്സ് ഗില്‍ഡ് ജോയിന്റ് സെക്രട്ടറി ശ്രീ. പ്രശാന്ത് പി. റ്റി. സ്വാഗതം ആശംസിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ഡൈസൻ വൈ. ആമുഖ പ്രസംഗം നടത്തി. ടിച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി ശ്രീമതി നിഷ പി. ജോസ് 2023-24 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് എമിരിത്തൂസ് മോസ്റ്റ്. റവ. ഡോ. സൂസപാക്യം മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സഹായ മെത്രാൻ അധ്യാപകരുടെ സർഗശേഷി പ്രകടമാക്കുന്ന ‘പകർന്നതും പകർത്തപ്പെട്ടതും’ എന്ന മാഗാസിൻ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടര്‍ ഫാ. സജു റോൾഡൻ, വിരമിക്കുന്ന അധ്യാപകരുടെ പ്രതിനിധിയായി വിഴിഞ്ഞം സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി സൂസി മിനി എന്നിവർ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പൗരോഹിത്യത്തിന്റെ സിൽ വർ ജൂബിലി ആഘോഷിക്കുന്ന കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ഡൈസനെ സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് ഈ അധ്യായന വർഷം വിരമിക്കുന്ന അധ്യാപകരെ അഭിവന്ദ്യ സൂസപാക്യം പിതാവ് മെമന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. ടിച്ചേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ശ്രീ. പത്രോസ് ജോൺ കൃതജ്ഞയർപ്പിച്ച് സംസാരിച്ചു.