മുനമ്പം : സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിമൂന്നാം ദിനത്തിലേക്ക്. പന്ത്രണ്ടാം ദിനത്തിൽ നിരാഹാരം ഇരുന്ന പ്രദേശവാസികളായ അൽഫോൺസ പോൾ മാടപറമ്പിൽ, മാർത്ത പോൾ പുത്തൻവീട്ടിൽ എന്നിവരെ കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ പൊന്നാട അണിയിച്ചു .
യുണൈറ്റഡ് ഫോറം ഇൻ്റർനാഷണൽ ചെയർമാൻ ഫാ. ജോൺസൻ എക്ലീസിയ ഇ. സി.എം., കേരള ധീവരസമാജം സംസ്ഥാന നേത്യത്വ പ്രതിനിധികൾ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അംഗം ദനഞ്ജയൻ കെ.എം എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി. വഖഫ് ആക്ടിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന ധാരാളം മനുഷ്യർ ഭാരതത്തിൽ ഉണ്ടെന്നും, അവർക്കെല്ലാം നീതി ലഭിക്കുന്ന സമരമാണ് ഇതെന്നും ചരിത്ര രേഖകളിൽ ഈ സമരം രേഖപ്പെടുത്തപ്പെടുമെന്നും സംസ്ഥാന ധീവരസമിതി നേതൃത്വം പ്രസ്താവിച്ചു.