തിരുവനന്തപുരം : തിരുവനന്തപുരം ലത്തീൻ അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ലത്തീൻ സഭയുടെ ആരുമല്ലന്ന ആന്റണി രാജുവിന്റെ പ്രസ്താവനയോട് വിവിധ ലത്തീൻ സഭ സംഘനകൾ പ്രതിഷേധിച്ചു.
ഇലക്ഷൻ സമയത്ത് ബിഷപ്പ് ഹൗസും വിവിധ പള്ളി മേടകളും കയറിയിറങ്ങി വോട്ടിനായി യാചിച്ചതിന്റെ ഫലമാണ് ഇന്നത്തെ ആന്റണി രാജു എന്ന മന്ത്രി. ലഭിക്കേണ്ടത് ലഭിച്ചുകഴിഞ്ഞപ്പോൾ പഴയതെല്ലാം മറന്ന് സഭയെ നയിക്കുന്നവരെ അധിക്ഷേപിക്കുന്നത് ആരെയോ തൃപ്തിപ്പെടുത്താനെന്നത് വ്യക്തം.
ആന്റണി രാജു നിരന്തരം തീരജനതയേയും ലത്തീൻ സഭയേയും സഭയെ നയിക്കുന്നവരെയും അധിക്ഷേപിക്കുന്നതിൽ തിരുവനന്തപുരം ലത്തിൻ അതിരൂപത കെ.എൽ.സി.എ പ്രതിഷേധിച്ചു. വൈദീകരയും, സമുദായാത്തെയും, സമുദായ നേതാക്കളെയും അധിക്ഷേപിക്കുന്നതു തുടർന്നാൽ കെ. എൽ.സി.എ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കെ. എൽ.സി.എ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ പറഞ്ഞു.
എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ല മന്ത്രിപദമെന്നും, സഭയേയും, നേതാക്കളെയും അധിക്ഷേപിച്ച ആന്റണി രാജു തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കൊല്ലം ലാറ്റിൻ കത്തലിക് അസോസ്സിയേഷൻ ആവശ്യപ്പെട്ടു.
മുതലപ്പൊഴിയിൽ തീരജനതയെനോക്കി ‘ഷോ കാണിക്കരുതെന്ന്’ ആക്രോശിച്ച മന്ത്രിമാർക്കെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കുള്ള പ്രതികാരമാണ് ആന്റണി രാജു ഇപ്പോൾ നടത്തിയ അധിക്ഷേപമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം അഭിപ്രായപ്പെട്ടു. പരാമർശം പിൻവലിച്ച് മാപ്പ് പറയാതെ അധിക്ഷേപം തുടർന്നാൽ തീരത്തെ യുവജനങ്ങളുടെ പ്രതിഷേധം ആന്റണി രാജു തെരുവിൽ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.