തിരുവനന്തപുരം: തീരദേശവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തീരദേശ ഹൈവേ പദ്ധതിയുടെ ഡി.പി.ആര്‍. അടിയന്തിരമായി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സഹായ മെത്രാന്‍ ക്രിസ്തുദാസ് പിതാവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹ്യ ആഘാതത്തെപറ്റി വിശദമായി പഠിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ അതിരൂപതാ സമിതി അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. പട്ടയം ലഭിക്കാത്ത പരിമിതമായ ഭൂമിയുള്ളവരെയും കൂടി ഒഴിപ്പിക്കുമെന്ന ആശങ്കയില്‍ കഴിഞ്ഞുകൂടുന്ന ഇരയിമ്മൻതുറ മുതല്‍ മാമ്പള്ളിവരെയുള്ള തീരദേശങ്ങളില്‍ വസിക്കുന്ന അതിരൂപതയിലെ ഭൂരിഭാഗം വരുന്ന മത്സ്യതൊഴിലാളികള്‍ക്ക് തൊഴിലിടവും ജീവനോപാധികളും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജനവികാരം ഉൾക്കൊണ്ട് തീരം കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും കുത്തകകള്‍ക്കും തീറെഴുതാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളായി നിയമിതയായ ഡോ. ലിനറ്റ് ജൂഡിത്ത് മോറിസ്, സംസ്ഥാന അദ്ധ്യാപക അവര്‍ഡ് ജേതാവായ ജോയി ജോണ്‍, സിവിൽ സർവ്വീസിൽ പ്രവേശിച്ച ആനന്ദ് ജസ്റ്റിന്‍ ഐ.എഫ്.എസ്., മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ജോസഫ് റെഫിന്‍ ജെഫ്രി, കരാട്ടെ നാഷണൽ ചാമ്പിയൻഷിപ്പിൽ ഗോൾഡ് മെഡലിസ്റ്റായ നിഹാരിക ആന്‍ ജോഷി, ഗിന്നസ് വേൾഡ് റിക്കോർഡ് നേടിയ വിമിന്‍ എം. വിന്‍സന്‍റ് എന്നിവരെ സമ്മേളനം ആദരിച്ചു.
മോണ്‍. യൂജിന്‍ പെരേര, ഫാ. ലോറന്‍സ് കുലാസ്, ഫാ. ലെനിന്‍ ഫെര്‍ണാസ്, ഇഗ്നേഷ്യസ് തോമസ്, ജോഷി റോബര്‍ട്ട്, ഡോ. സീന ഫെലിക്സ്, ഗ്രേസി തോമസ് എന്നിവര്‍ സംസാരിച്ചു.