നെല്ലിയോട്: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ കോവളം ഫെറോനയിലെ നെല്ലിയോട് അമലോത്ഭവമാതാ ദേവാലയത്തിൽ കെസിവൈഎം-ൻ്റെ നേതൃത്വത്തിൽ വി. കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടുന്ന “ഫ്ലോസ്കുലുസ്: ദ ലിറ്റിൽ ഫ്ലവർ ജേർണി” എന്ന പേരിൽ എക്സിബിഷൻ നടന്നു. മെയ്യ് 17 2025 വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ നൂറുവർഷം തികയുന്നതിനോടനുബന്ധിച്ചാണ് മേയ് 18 ഞായറാഴ്ച ദിവ്യബലിക്കു ശേഷം എക്സിബിഷൻ നടത്തിയത്.
വിശുദ്ധയുടെ ജീവിതത്തിലെ ഓരോ ഏടും ഹൃദയസ്പർശിയായ ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും വിശ്വാസികൾക്ക് പകർന്നു നൽകി. ഇടവക വികാരി ഫാ. വിജിൽ ജോർജിന്റെ സാന്നിധ്യത്തിൽ സിസ്റ്റർ ക്രിസ്റ്റീന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വി. കൊച്ചുത്രേസ്യയുടെ പ്രാർത്ഥനകൾ, പുസ്തകങ്ങൾ, മാസികകൾ, ചിത്രങ്ങൾ, ഇടവകാംഗങ്ങളുടെ കലാസൃഷ്ടികൾ എന്നിവ ഈ പ്രദർശനത്തിന് മികവേകി. “ദ ലില്ലി ഓഫ് ലിസ്യു” എന്ന പേരിലുള്ള കൈയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. എക്സിബിഷനിൽ പങ്കെടുത്തവർക്ക് വിശുദ്ധ കൊച്ചുത്രേസ്യയെ കുറിച്ചുള്ള ക്വിസ് മത്സരം നടത്തി സമ്മാനങ്ങൾ നൽകി.
എക്സിബിഷനിലൂടെ വി. കൊച്ചുത്രേസ്യയുടെ ജീവിതത്തെയും ആത്മീയതയെയും അടുത്തറിയുവാനും, വിശ്വാസജീവിതത്തിൽ കൂടുതൽ പ്രചോദനം നേടാനും വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകരാകുവാനും ഇടവക ജനങ്ങളെ സഹായിച്ചു. തുടർന്ന് KCYMനെല്ലിയോട് യൂണിറ്റിൻ്റെ വെബ്സൈറ്റ് പ്രകാശനവും നടന്നു.