വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ സമിതി പ്രീസ്റ്റ് കോഡിനേറ്റർമാരുടെയും, കൺവീനർമാരുടെയും, ആനിമേറ്റർമാരുടെയും സംയുക്ത കൂടിവരവും പഠന ശിബിരവും നടത്തി. ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആർച്ച്ബിഷപ്പ് തോമസ് ജെ . നെറ്റോ ഉദ്ഘാടനം ചെയ്തു. അൽമായർ സമൂഹത്തിന് വിലപ്പെട്ടവരും അനുഗ്രഹീതരും ആണെന്നും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന അൽമായർ അത് കാത്തുസൂക്ഷിച്ച് സമൂഹത്തിൽ ജാഗ്രതയോടെ നന്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സഭയിൽ അൽമായരുടെ പങ്ക്, ഇന്നിൻറെ പ്രസക്തി, കൺവീനർമാരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളെ കുറിച്ച് റവ. ഡോ. ലോറൻസ് കുലാസ്, റവ. ഡോ. ബേബി ബിബിൻസൺ, ഫാ. ടോണി ഹാംലറ്റ് എന്നിവരുടെ ക്ലാസുകൾ നടന്നു. ഫാ. സെബാസ്റ്റ്യൻ, ഫാ. അലോഷ്യസ്, ഫാ. തോമസ് സജി, ഫാ. ദേവസ്യ എസ് .ജെ, ഫാ. ഗോഡ്വിൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് . പെരേര സമാപന സന്ദേശം നൽകി. അതിരൂപത കൺവീനർ ആൻറണി ആൽബർട്ട് സ്വാഗതവും സെക്രട്ടറി റീന ഷാജി നന്ദിയും അർപ്പിച്ചു.

