അടിമലത്തുറ: പുല്ലുവിള ഫൊറോനയിലുൾപ്പെട്ട അടിമലത്തുറ ഇടവകയിലെ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതിയുടെ നേതൃത്വത്തിൽ മതാധ്യാപകർക്കായി 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ശാക്തീകരണ പഠനക്ലാസ് നടത്തി. ‘കത്തോലിക്ക സഭ; ദൈവാരാധനയും വിശ്വാസവും’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി അടിമലത്തുറ ആനിമേഷൻ സെന്ററിൽ നടന്ന ക്ലാസിന് ഗ്രന്ഥരചയിതാവും അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്ററുമായ റവ ഡോ. ലോറൻസ് കുലാസ് നേതൃത്വം നൽകി. മതാധ്യാപകരായ 40 പേർ പങ്കെടുത്ത ക്ലാസിൽ ക്രിസ്തീയ വിശ്വാസ ചരിത്രം, ദൈവ സങ്കല്പം, മാലാഖമാർ, വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം, ഭക്താനുഷ്ഠാനങ്ങൾ, മരണാനന്തര ജീവിതം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു.
പഠനക്ലസിന് മുന്നോടിയായി മതാധ്യാപകരുടെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. അധ്യാപകനും മുൻ മതാധ്യാപകനുമായ ശ്രീ. ജോർജ്ജ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വിശ്വാസ രൂപീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. മതബോധന സമിതി പ്രധാനാധ്യാപകൻ ശ്രീ. മാർട്ടിൻ സ്വാഗതവും. ആനിമേറ്റർ സിസ്റ്റർ ബെനീറ്റ ബൈബിൾ വിചിന്തനവും അധ്യാപകനായ ശ്രീ. ഗ്രേഷ്യസ് നന്ദിയും പറഞ്ഞു.