സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിബിംബമായ് ‘ഒരു തിരുനാൾ ഒരു ഭവനം പദ്ധതി’ അനുസരിച്ച് തുടർച്ചയായി രണ്ടാം വർഷവും വീട് നിർമ്മിച്ചു നൽകി പള്ളിത്തുറ ഇടവകയുടെ പുതു മാതൃക. പള്ളിത്തുറ ഇടവക, ഇടവക ടി. എസ്. എസ്, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ നിർമിച്ച മരിയ ഭവന്റെ താക്കോൽ കൈമാറൽ അഭിവന്ദ്യ തോമസ് ജെ നെറ്റൊ പിതാവ് നിർവഹിച്ചു. നിർധനരായ കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെ പള്ളിത്തുറ ഇടവക നിർമിച്ച രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽ നൽകൽ ശനിയാഴ്ച പള്ളിത്തുറ ലയോളാ പാരിഷ് ഹാളിൽ വച്ചാണ് നടന്നത്.
ഇടവക തിരുനാളിനോട് അനുബന്ധിച്ച് അർഹരായവരെ കണ്ടെത്തി ‘മരിയ ഭവൻ’ എന്ന പേരിൽ ഭവനം നിർമിച്ചു നൽകുന്ന പദ്ധതി കൂട്ടായ പരിശ്രമത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായി. 1 ലക്ഷം രൂപ ഇടവക ബജറ്റിൽ വകയിരുത്തിയും ബാക്കി 6.5 ലക്ഷം രൂപ പൊതുജനങ്ങളിൽ നിന്ന് കണ്ടെത്തിയുമാണ് ഭവനം പൂർത്തീകരിച്ചത്. ജാതി മത ഭേദമന്യേ അർഹതപെട്ടവർക്ക് ഭവനം നിർമിച്ചു നൽകുന്ന പദ്ധതി കഴിഞ്ഞ രണ്ട് വർഷ കാലമായി ഇടവകയിൽ നടന്നുവരുന്നു. ചടങ്ങിൽ ഇടവക വികാരി ഫാ. ലെനിൻ ഫെർണാണ്ട്‌സ്, സെക്രട്ടറി ജെറി മോസ്സസ്, ഇടവക ടി എസ് എസ് സെക്രട്ടറി രാജു എം, മേരി ഷൈജ,ആനിമേറ്റർ സന്തോഷ് ആന്റോ, സ്റ്റീഫൻ ജോസഫ്, മാഗസിൻ എഡിറ്റർ ഉദയകുമാർ, സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് പി എസ്,
എച് എം മേരി മേറീന റോബി, പി ടി എ പ്രസിഡന്റ് ബോനിഫെസ് എന്നിവർ സന്നിഹിതരായിരുന്നു.