അൽത്താര ബാലകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫെറോന. ഫെറോനയിലെ പതിനൊന്ന് ഇടവകകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഫെറോനാ വികാരി ഫാ. ജെറോം ഡി. ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. അൾത്താര ശുശ്രൂഷയും ബലിയർപ്പണവും എന്ന വിഷയത്തെ ആസ്പദമാക്കി അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ പീറ്റർ കുട്ടികൾക്കായി ക്ലാസെടുത്തു.
മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെപറ്റിയും കുട്ടികളുടെ ഭാവി ജീവിതത്തെ മൊബൈലിന്റെ ദുരുപയോഗം എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നതിനെപറ്റിയും, ദൈവവിളിയെപ്പറ്റിയും ശാന്തിപുരം ഇടവക വികാരി ഫാ. ഷൈനിഷ് ബോസ്കോ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി. പുതുക്കുറിച്ചി ഫെറോനയിലെ വൈദീക വിദ്യാർത്ഥികൾ അൽത്താരബാലകരുടെ ഉത്തരവാദിത്വങ്ങളെയും, പൂജാവസ്തുക്കളെയും പരിചയപ്പെടുത്തുകയും അതിനർത്ഥങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഫാ. ബിനു, ഫാ. ആന്റോ ഡിക്സൺ എന്നിവരും കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഫെറോനയിലെ പതിനൊന്ന് ഇടവകകളിൽ നിന്ന് തൊണ്ണൂറിലധികം കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.