കോട്ടയം: വിജയപുരം രൂപതയിലെ മൂന്നാർ മൗണ്ട് കാർമൽ ദേവാലയം മൈനർ ബസിലിക്കയായി ഉയർത്തി. വിജയപുരം രൂപത ബിഷപ്പ് മോസ്റ്റ് റവ. സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ മാർച്ച് 27 ബുധനാഴ്ച, ദിവ്യാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമുള്ള ഡിക്കാസ്റ്ററിയിൽ നിന്ന് മൗണ്ട് കാർമൽ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തുന്ന ഉത്തരവ് ലഭിച്ചതായി അറിയിച്ചു. 2024 മെയ് 25 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൂന്നാർ മൗണ്ട് കാർമൽ പള്ളിയിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ഇതോടെ പശ്ചിമഘട്ടത്തിലെ കേരളത്തിലെ ആദ്യത്തെ ബസിലിക്ക എന്ന ചരിത്രപരമായ പദവിയിലേക്ക് മൗണ്ട് കാർമ്മൽ ദേവാലയം ഉയരും.
1898- ലാണ് ആദ്യ ദേവാലയം പണി കഴിപ്പിച്ചത്. 1898-ൽ വരാപ്പുഴ അതിരൂപതയിൽ ശുശ്രൂഷ ചെയ്‌തിരുന്ന സ്‌പെയിനിൽ നിന്നുള്ള കർമ്മലീത്ത മിഷനറി അൽഫോൺസ് മരിയ ഡി ലോസ് ആഞ്ചലസ് ഒ.സി.ഡി., കാൽനടയായി മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളുടെ മാനേജർമാരുടെ സഹായത്തോടെ തടിയും വൈക്കോലും ഉപയോഗിച്ച് ആദ്യ ദേവാലയം പണികഴിപ്പിച്ചത്. അതേ വർഷം വിശുദ്ധ ദിവ്യബലിയും അർപ്പിച്ചു. ഇത് മൂന്നാർ മേഖലയിലെ കത്തോലിക്കാ ക്രിസ്ത്യൻ മിഷൻ്റെ വിളക്ക് ജ്വലിപ്പിച്ച ഒന്നായിരുന്നു. 1909-ൽ സ്ഥലത്ത് ഒരു ചെറിയ ദേവാലയം പണിതു.
1934 ജനുവരി 21-ന് മൂന്നാറിൽ പുതിയ പള്ളിയുടെ തറക്കല്ലിടൽ കർമ്മം നടന്നു. 1938 ഏപ്രിൽ 17-ന് വിജയപുരത്തെ ആദ്യത്തെ ബിഷപ്പായ ബോണവെഞ്ചർ അരാന ഒസിഡിയാണ് ഇന്നത്തെ പള്ളിയുടെ ആശീർവാദ കർമ്മം നടത്തിയത്. 1943 ഫെബ്രുവരി 5-ന് മൂന്നാർ സമൂഹം ഒരു ഇടവകയായി ഉയർത്തപ്പെട്ടു. ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയം 2023-ൽ അതിന്റെ ക്വാസ്‌ക്വിസെൻ്റനിയൽ ജൂബിലി ആഘോഷിച്ചു. മൂന്നാറിലെ മൗണ്ട് കാർമൽ ബസിലിക്ക ഇന്ത്യയിലെ 30-ാമത്തെയും കേരളത്തിലെ 11-ാമത്തെയും ബസിലിക്കയാണ്. അടുത്തിടെ, 2024 ഫെബ്രുവരി 24-ന് കോഴിക്കോട് രൂപതയിലെ മാഹിയിലെ സെൻ്റ് തെരേസാസ് പള്ളിയും മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടു.
കത്തോലിക്ക സഭയിൽ ഒരു ദേവാലയത്തിനു ലഭിക്കുന്ന ശ്രേഷ്ടപദവിയാണ് ബസിലിക്കയെന്നത്. ഒരു ദേവാലയത്തിന്റെ പാരമ്പര്യം, ചരിത്ര പശ്ചാത്തലം, ആഗോളസഭയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ , ദൈവവിളി, ആത്മീയ തീഷ്ണത, തീർഥാടകരുടെ സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചശേഷമാണ് വത്തിക്കാനിൽ പരിശുദ്ധപിതാവിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദൈവാരാധനയ്ക്കും കൂദാശപരികർമ്മത്തിനുമുള്ള തിരുസംഘത്തിന്റെ പ്രത്യേക അംഗീകാരം ലഭിക്കുന്നത്.