പേട്ട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ‘സ്പാർക് 2026’ എന്ന പേരിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ അവസാന ദിവസത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ മോക് പാർലമെന്റ് സംഘടിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്ത പരിപാടി കുട്ടികളിൽ നേതൃപാടവവും ലഹരി വിരുദ്ധ ചിന്തകളും വളർത്തുന്നതിന് സഹായിച്ചു. മോക് പാർലമെന്റിൽ സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ തുടങ്ങിയ പദവികൾ കൈകാര്യം ചെയ്ത കുട്ടികൾ നടത്തിയ ചർച്ചകൾ യഥാർത്ഥ പാർലമെന്റ് ചർച്ചകൾക്ക് സമാനമായി കാണികൾക്ക് അനുഭവപ്പെട്ടു. ക്യാമ്പ് നടന്ന ദിവസങ്ങളിൽ വിവിധ വിദ്യാഭ്യാസപരവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി ശ്രീമതി ത്രേസ്യ, ട്രഷറർ സിന്ധു റെജി,സെക്രട്ടറി ജെസ്സി, ചൈൽഡ് പാർലിമെന്റ് വോളന്റീർസ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചത്.
