വിശപ്പു രഹിത ഇടവകക്കായി ആദ്യ ചുവടുവച്ച് പൂന്തുറ ഇടവക. യൂണിറ്റ് തലങ്ങളിൽ അനാഥരായി കഴിയുന്നവരെയും ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവരെയും വഴിയോരങ്ങളിൽ കഴിയുന്നവരെയും കണ്ടെത്തി ഭക്ഷണമെത്തിക്കുക എന്നതാണ് മന്നയെന്ന കാരുണ്യ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
പൂന്തുറ ഇടവകയിലെ കരിസ്മാറ്റിക് കൂട്ടായ്മയാണ് ഈ കാരുണ്യ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ‘കരുതലോടെ’ എന്ന ഭാവി പദ്ധതിയുടെ ഭാഗമായാണ് മന്ന പദ്ധതിക്ക് ഇടവക തുടക്കം കുറിച്ചിരിക്കുന്നത്. കരുതലോടെ പദ്ധതിയുടെ ഭാഗമായി ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനൊപ്പം തുടർവിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ നൽകുകുന്നുണ്ട്. വലിയതുറ ഫെറോനയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമായി മന്ന പദ്ധതി വിജയകരമായി നടന്നുവരുന്നുണ്ട്.