TMC REPORTER
കേരളത്തിലെ പൊതുസമൂഹത്തില്‍ പരിഗണിക്കപ്പെടുന്ന ഒരു സാന്നിദ്ധ്യമായി മാറാന്‍ കെആർഎൽസിസിയ്ക്ക് സാധിച്ചിട്ടുണ്ടെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കെആർഎൽസിസിയെ സംബന്ധിച്ചിടത്തോളം ഒരു തുടക്കം മാത്രമാണ്. കടമ്പകള്‍ ഇനിയും ധാരാളം കടക്കാനുണ്ട്. ലത്തീന്‍ സമൂഹത്തിന്‍റെ ഭാവിയെക്കുറിച്ച് സുന്ദരമായ സ്വപ്നങ്ങള്‍ കാണുവാനും, ഇത്രയെങ്കിലും ചെയ്യാനും സാധിച്ചത് വലിയൊരു നേട്ടം തന്നെയാണ്.
കെആർഎൽസിസിയുടെ ഇരുപതാമത് സ്‌ഥാപന ദിനത്തിൽ നടന്ന ഓൺലൈൻ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നൽകുകയായിരുന്നു അദ്ദേഹം. വളര്‍ച്ച തുടങ്ങിയതേയുള്ളൂ. ഇനിയും ബൂഹുദൂരം മുന്നോട്ടു പോകുവാനുണ്ട്. കാര്യക്ഷമതയോടും അര്‍പ്പണമനോഭാവത്തോടും കൂടി ലത്തീന്‍സഭയുടെ കെട്ടുറപ്പിനും ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കുമായി തങ്ങളെതന്നെ സമര്‍പ്പിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ നേതൃത്വം പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. .
അവശതയനുഭവിക്കുന്നവരുടെ പിന്നോക്ക സമുദായമെന്നു പറഞ്ഞ് പരിഹസിക്കുന്ന ലത്തീന്‍ സമൂഹത്തെ വളരെയേറെ അന്തസ്സുള്ള ഒരു സമൂഹമായി അങ്ങേയറ്റം അഭിമാനത്തോടുകൂടിയാണ് താൻ കാണുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചു. അവശതയനുഭവിച്ചവരുടെ ഇടയിൽ ജീവിച്ചെങ്കിലും മദർ തെരേസയുടെ അന്തസ്സ് വര്‍ദ്ധിച്ചതേയുള്ളൂ. ഇതു തന്നെയാണ് കേരളത്തിലെ ലത്തീന്‍ സമൂഹത്തിന്‍റെ സ്ഥിതിയും.
ജാതിവ്യവസ്ഥ കാരണം മനം നൊന്തുകഴിഞ്ഞ അന്നത്തെ കുറേയേറെ പരമ്പരാഗത ക്രൈസ്തവരും അധഃകൃതരെന്നു മുദ്രകുത്തി പുറംതള്ളപ്പെട്ട അനേകായിരം അവശതയനുഭവിക്കുന്നവരും ലത്തീന്‍ സഭയുടെ അംഗങ്ങളായി. ഇന്നും സാമൂഹ്യമായ ഈ പിന്നോക്കാവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുന്നതിലും അവശതകള്‍ പരിഹരിക്കുന്നതിലും ലത്തീന്‍ സഭ വ്യാപൃതയായിരിക്കുന്നു. ഇത് ഒരിക്കലും ഒരു കുറവായിട്ടല്ല, അന്തസ്സായിട്ടാണ് സഭ പരിഗണിക്കുന്നത്. കെആർഎൽസിസി സ്ഥാപിച്ചതിന്‍റെ ഒരു പ്രധാന ഉദ്ദേശവും ഇതു തന്നെയാണ്.
ഭരണഘടനയോടു ലത്തീന്‍ സമൂഹം വച്ചുപുലര്‍ത്തിയ വിശ്വസ്തതയിൽ ഇളക്കംതട്ടിയപ്പോഴാണ് അവഗണനയെ അതിജീവിക്കാനായി വിവിധ സമുദായ സംഘടനകള്‍ക്ക് രൂപം കൊടുക്കേണ്ടിവന്നതും കെആർഎൽസിസിയുടെ രൂപീകരണം ഉണ്ടായതും. പരിമിതികള്‍ പലതുണ്ടെങ്കിലും ലഭ്യമായ മാനവശേഷിയും വിഭവശേഷിയും സഹായസഹകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സമുദായ മുന്നേറ്റത്തിനായി കുറെയേറെ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കെആർഎൽസിസിയ്ക്കും സാധിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, കെആർഎൽസിസി ഭാരവാഹികൾ, സമുദായ-സംഘടനാ പ്രതിനിധികൾ, സമുദായ അംഗങ്ങളായ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.