ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ കയറ്റത്തിൽ കൺമുന്നിൽ വീടുകൾ നിലം പരിശായവരുടെ ദൈന്യത കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളിലെത്തിയിരുന്നു. അതുകണ്ട് ദുരിതമേഖലകൾ സന്ദർശിക്കാനും ആശ്വാസം പകരാനും താത്പര്യമുള്ളവരും നിരവധിയായിരുന്നു. കോവിഡ് ലോക്ഡൗണിന്റെ മൂർദ്ധന്യത്തിൽ എങ്ങനെ ദൈന്യതയിൽ ജീവിക്കുന്ന ഈ ജനങ്ങളെ സഹായിക്കും എന്നതായിരുന്നു യഥാർത്ഥ വെല്ലുവിളി.
സ്വന്തം നിലയ്ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു ശ്രീകാര്യം ഇടവകവികാരിയായ ഫാ. തിയോഡേഷ്യസ്. മറ്റാരെയും കാത്തുനിൽക്കാതെ ദുരിതമേഖലകളിലേക്ക് നേരിട്ടിറങ്ങി ഈ വൈദികൻ. സ്വന്തം ഇടവകയുമായി ചേർന്ന് ദുരിതമേഖലയിലെ ജനങ്ങളെ സഹായിക്കാൻ സോഷ്യൽ മീഡിയ കാമ്പൈനും ആരംഭിച്ചു. തങ്ങളുടെ പ്രതീക്ഷകളെ കവച്ചു വച്ചുകൊണ്ട്, ഇടവകയ്ക്ക് പുറത്തേയ്ക്കും വാർത്ത പരന്നതോടെ, ഒരാഴ്ചക്കിടെ മൂന്നേകാൽ ലക്ഷം രൂപയോളമാണ് ശ്രീകര്യം സെന്റ് ക്രിസ്റ്റഫർ ദേവാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സുമനസ്സുകളുടെ സഹായത്തോടെ സമാഹരിച്ചത്.
പണം കണ്ടെത്തുക എന്നതിനേക്കാൾ വലിയ വെല്ലുവിളിയായത് ക്യാമ്പുകളിലെ ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി അവവാങ്ങി നൽകുക എന്നതായിരുന്നു. ലോക്ഡൗൺ പ്രതിസന്ധിയും, അവശ്യ സാധനങ്ങളുടെ ദൗർലഭ്യവും വെല്ലുവിളിയായെങ്കിലും അതൊന്നും വകവയ്ക്കാതെ ആവശ്യക്കാർക്ക് ചെറിയ സഹായമെങ്കിലും നേരിട്ടെത്തി നൽകുന്നതാണ് വലിയ നന്മയെന്ന് കരുതുന്നതായി ഫാ. തിയോഡേഷ്യസ് പറഞ്ഞു. ഇടവകക്കാരുടെ നിസ്സീമമായ പിന്തുണയോടെ. പരുത്തിയൂരിലെയും, തോപ്പിലയും ദുരിതാശ്വാസക്ക്യാമ്പിൽ നേരിട്ടെത്തി സഹായം വിതരണം ചെയ്യുകയും ചെയ്തു അച്ചൻ. ആവശ്യസമയത്ത് സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് സഹായിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.
തിരുവനന്തപുരം അതിരൂപതയിലെ അല്മായ ശുശ്രൂഷാ ഡയറക്റ്ററാണ് ഫാ. തിയോഡേഷ്യസ്.