വത്തിക്കാന്‍ സിറ്റി: ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, ലിയോ പതിനാലാമൻ പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു. വത്തിക്കാൻ നയതന്ത്ര മേഖലയില്‍ നൽകുന്ന സേവനത്തിനുള്ള അംഗീകാരമായി മോൺസിഞ്ഞോർ എന്ന ഓണററി പദവി നല്‍കാനുള്ള തീരുമാനം വത്തിക്കാന്‍ ഇന്നലെ മെയ് 21ന് രാവിലെ ആലപ്പുഴ ബിഷപ്പ് റവ. ജെയിംസ് ആനപ്പറമ്പിൽ അദ്ദേഹത്തെ അറിയിച്ചു. പാപ്പയുടെ ചാപ്ലിൻ എന്നത് മോൺസിഞ്ഞോർ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോൺസിഞ്ഞോർ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും.
ഇത് ഒരാൾ പരിശ്രമത്തിലൂടെ സമ്പാദിക്കുന്ന ഒന്നല്ലായെന്നും ദൈവത്തിന്റെ കൃപയാണെന്നും ബഹുമതിക്ക് താന്‍ ദൈവത്തോടും പരിശുദ്ധ പിതാവിനോടും നന്ദി അര്‍പ്പിക്കുകയാണെന്നും ബുർക്കിന ഫാസോയിലെ അപ്പോസ്‌തോലിക് കാര്യാലയത്തില്‍ നിന്നു ഫാ.ബോയ പറഞ്ഞു. ആലപ്പുഴ രൂപതയിൽ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനത്തിന് നിയോഗിക്കപ്പെട്ടത്. ഔപചാരിക സ്ഥലംമാറ്റം ലഭിക്കുന്നതുവരെ ബുർക്കിന ഫാസോയിൽ സേവനമനുഷ്ഠിക്കുന്നത് തുടരുമെന്നും നിലവിലെ പാസ്റ്ററൽ, നയതന്ത്ര ഉത്തരവാദിത്തങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുർക്കിന ഫാസോയിലും നൈജറിലും അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്ത അദ്ദേഹം കഴിഞ്ഞ ഏഴ് മാസമായി ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ സ്ഥാനപതിയുടെ ചുമതല വഹിച്ചു വരികയാണ്.