വത്തിക്കാൻ: ലോകം മുഴുവൻ ജനുവരി മാസം ഒന്നാം തീയതി സമാധാനദിനമായി ആചരിക്കുന്നു. നിരവധി സംഘർഷങ്ങളാൽ കലുഷിതമായ ഈ ആധുനികയുഗത്തിൽ സമാധാനത്തിനായുള്ള ദൈവീക പദ്ധതിയുടെ വക്താക്കളായി മാറുവാനും, സാഹോദര്യ ചിന്തകൾ ഊട്ടിയുറപ്പിക്കുവാനും ജൂബിലിവർഷത്തിലെ ആഗോള സമാധാനദിനത്തിൽ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുന്നു.
2025 ജനുവരി മാസം ഒന്നാം തീയതി ആഘോഷിക്കുന്ന ആഗോള സമാധാന ദിനത്തിൽ, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിനു നൽകിയിരിക്കുന്ന ശീർഷകം, യേശു തന്റെ ശിഷ്യരെ പഠിപ്പിച്ച കർത്തൃപ്രാർത്ഥനയോട് ചേർന്നതാണ്, ” ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് ക്ഷമിക്കണമേ, അങ്ങയുടെ സമാധാനം ഞങ്ങൾക്ക് നല്കണമേ”. പരിധിയില്ലാത്ത ദൈവകരുണയുടെ അനുഭവത്തിൽ നിന്നും ഉടലെടുക്കുന്ന പ്രത്യാശയിൽ വളരുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ആരോടും ഒന്നും കടപ്പെട്ടിട്ടില്ലാത്ത ദൈവം, എല്ലാ മനുഷ്യർക്കും അനന്തമായി കൃപയും കരുണയും നൽകിക്കൊണ്ടേയിരിക്കുന്നു. ദൈവം മനുഷ്യൻ ചെയ്ത തിന്മയെ കണക്കാക്കുന്നില്ല. എന്നാൽ അവൻ നമ്മോട് കാണിച്ച വലിയ സ്നേഹം നിമിത്തം നാമെല്ലാവരും അത്യധികം കരുണയാൽ സമ്പന്നരാണ്. ഈ സമ്പന്നതയാവണം ഓരോ ക്രിസ്ത്യാനിയുടെയും ജീവിത മാതൃകയെന്നു പാപ്പാ ഓർമ്മപ്പെടുത്തുന്നു.
1967 ഡിസംബര്‍ 8-ന് പോള്‍ ആറാമന്‍ പാപ്പാ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയില്‍ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവര്‍ഷാരംഭത്തില്‍ യേശുവാണ് യഥാര്‍ത്ഥ സമാധാനമെന്നു നമുക്ക് ഓര്‍മ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ട ദിനമാണ്.