ഡല്‍ഹി: ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ സഭാ നേതൃത്വം. ഇതൊരു മഹത്തായ ഉത്തരവാണെന്ന് ഇന്ത്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയം സെക്രട്ടറി ഫാ. മരിയ ചാള്‍സ് ആന്റണിസാമി പറഞ്ഞു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു.
എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത്, രാജ്യ തലസ്ഥാനത്ത് ഏഴ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്ന ഡല്‍ഹി തമിഴ് എഡ്യൂക്കേഷന്‍ അസോസിയേഷന്റെ കീഴിലുള്ള ഹര്‍ജിക്കാരന്‍ നല്കിയ പരാതി സ്വീകരിച്ചാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍ വിധി പ്രസ്താവിച്ചത്. നിയമിക്കപ്പെടുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും നിശ്ചിത യോഗ്യതയും അനുഭവപരിചയവും ഉണ്ടായിരിക്കുന്നിടത്തോളം സ്ഥാപനത്തിന്റെമേല്‍ നിയന്ത്രണം ചെലുത്താന്‍ സാധിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ഇതിനായി സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഭാഷാ, മത ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സമുദായങ്ങളെ സേവിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അനുവാദം നല്കുന്നുണ്ട്.