കോവളം: കുടുംബപ്രേഷിത ശുശ്രൂഷ ഇടവക – ഫൊറോനതലങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന നേതൃസംഗമം കോവളം ഫൊറോനയിൽ നടന്നു. ആഗസ്റ്റ് 18 ഞായറാഴ്ച കോവളം ഫൊറോന സെന്ററിൽ നടന്ന സംഗമം കുടുംബപ്രേഷിത ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ വീണ്ടെടുപ്പം വളർച്ചയും ലക്ഷ്യംവച്ച് ഇടവകകളിൽ കുടുംബ ശുശ്രൂഷ ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അതിരൂപത ഡയറക്ടർ തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
ജൂലൈ 6-ന് അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്ന കുടുംബദീപം പരിപാടിയുടെ അനുബന്ധപരിപാടിയായാണ് കോവളം ഫൊറോനയിൽ നേതൃസംഗമം പരിപാടി നടന്നത്. ഇടവക – ഫൊറോനതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കോവളം ഫൊറോന കോ-ഓർഡിനേറ്റർ ഫാ. നെപ്പോളിയൻ ഗോമസ് അധ്യക്ഷത വഹിച്ചു. ശ്രീ. അജിത് പെരേര നേതൃത്വ പരിശീലനത്തെക്കുറിച്ചും ശ്രീ. സതീഷ് ജോർജ്ജ് കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങളെക്കുറിച്ചും നടന്ന ക്ലാസുകൾക്ക് നേതൃത്വം നൽകി. കോവളം ഫൊറോന ആനിമേറ്റർ ശ്രീമതി ഷീജ പ്രഭകുമാർ സ്വാഗതവും പൂന്തുറ ഇടവക കുടുംബശുശ്രൂഷ കൺവീനർ ശ്രീ. ജോണി കൃതജ്ഞതയും പറഞ്ഞു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്ത ഭാരവാഹികൾക്ക് തങ്ങളുടെ ഇടവകകളിൽ നടത്തേണ്ട കുടുംബ അജപാലന പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത നേതൃനിരയെ രൂപപ്പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പട് ലഭ്യമാക്കാൻ നേതൃസംഗമത്തിലൂടെ സാധിച്ചു.