നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി അതിരൂപതയിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ. നോമ്പ് കാലത്തെ എങ്ങനെ കൂടുതൽ ഫലവത്തായി നയിക്കാമെന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവച്ചുകൊണ്ടുള്ള അതിരൂപത മെത്രാന്റെ ഇടയലേഖനം ഞായറാഴ്ച എല്ലാ ദേവാലയങ്ങളിലും വായിച്ചു.
ഇടയലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ ; ക്രിസ്തുവിൽ പ്രിയ വൈദികരെ, സന്യസ്തരെ, സഹോദരീ, സഹോദരന്മാരെ, അനുഗ്രഹത്തിന്റെയും വിശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും തപസ്സ് കാലം നാം ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ വിഭൂതി ബുധനാഴ്ച നെറ്റിയിൽ ചാരംകൊണ്ട് കുരിശടയാളമിടുമ്പോൾ കാർമികൻ നമ്മോടു പറഞ്ഞു: മനുഷ്യ നീ പൊടിയാണ്. പൊടിയിലേക്ക് നീ പിൻതിരിയുന്നു. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും ദുർബലതകളും ഓർമ്മപ്പെടുത്തുന്നതോടൊപ്പം, ക്രിസ്തുവിന്റെ കുരിശിന്റെ രഹസ്യത്തിൽ ക്രിസ്തീയ ജീവിതത്തിന്റെ അർത്ഥവും ആനന്ദവും ലക്ഷ്യവും ഭാഗധേയവും കണ്ടെത്തുവാൻ ദൈവം നമ്മെ വ്യക്തിപരമായി ക്ഷണിക്കുകയായിരുന്നു. നാം ആരും ഒറ്റപ്പെട്ട വ്യക്തികളല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹമായ സഭാകൂട്ടായ്മയിലെ അംഗങ്ങളാണ്.
സ്വർഗ്ഗോന്മുഖമായ തീർത്ഥാടകരാണ് നാം. ഒരുമിച്ചുള്ള ഈ യാത്രയിൽ സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും, സാഹോദര്യത്തിൽ പരസ്പരം ശ്രമിച്ചും, വ്യക്തി-കുടുംബ-സഭ-സാമൂഹ്യ തലങ്ങളിൽ, കരുതലും കരുത്തും, കാരുണ്യവും നിറഞ്ഞ ബന്ധങ്ങളിലൂടെ ജീവിതം ധന്യമാക്കാൻ വിളിക്കപ്പെട്ടവരാണ്. ഇക്കാര്യങ്ങളിൽ ഇന്ന് നാം എവിടെ നിൽക്കുന്നു? നമ്മുടെ ഇപ്പോഴത്തെ അനുഭവങ്ങളും അവസ്ഥകളും എന്തൊക്കെയാണ്? ഗുരുതരമായ എന്തൊക്കെ മാറ്റങ്ങളാണ് ഇനിയും നമുക്ക് വേണ്ടത്? ഇത്തരത്തിലുള്ള ചോദ്യങ്ങൾ സ്വയമായും സമൂഹമായും ഉന്നയിക്കുവാനും ഉചിതമായ ഉത്തരങ്ങൾ കണ്ടെത്താനും ആരാധനക്രമവത്സരത്തിൽ സഭ നൽകുന്ന അസുലഭ അവസരമാണ് തപസ്സുകാലം.
ഇന്ന്, അനുദിന ജീവിതത്തിലെ കടമകളുടെ നിർവ്വഹണവും അധ്വാനവും അവയുടെ ഭാഗമായുള്ള ജീവിത വ്യഗ്രതകളും തിരക്കുകളും പരക്കംപാച്ചിലുകളും നമ്മെ പലപ്പോഴും തളർത്തുന്നുണ്ട്. ഈ അവസരത്തിൽ അറിഞ്ഞുകൊണ്ട് നാം അൽപനേരം നിൽക്കുക. സ്വയം ഉള്ളിലും നമ്മുടെ കുടുംബത്തിലും കൂട്ടായ്മകളിലും കാര്യങ്ങൾ ജാഗ്രതയോടെ നോക്കിക്കാണുക. ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ ജീവിതത്തോടുചേർത്ത് ധ്യാനിക്കുക. പ്രത്യാശയോടെ പരിശുദ്ധാത്മാവിൽ നവീകൃതരായി വീണ്ടും മുന്നേറുക. ഇതിനു സഹായകരമാണ് ഫ്രാൻസിസ് പാപ്പയുടെ തപസ്സുകാല സന്ദേശം. ഫ്രാൻസിസ് പാപ്പ ഈ വർഷത്തെ തപസ്സുകാല സന്ദേശത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് അടുത്ത ഞായറാഴ്ചയിലെ സുവിശേഷഭാഗമായ യേശുവിന്റെ രൂപാന്തരീരണ സംഭവമാണ്(മത്താ. 17:1-8). തപസ്സുകാല പ്രായശ്ചിത്തവും സിനഡാത്മക സഭയുടെ യാത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പ ഇതിൽ വിചിന്തനം ചെയ്യുന്നു.
രൂപാന്തരീകരണ സംഭവത്തിന്റെ സന്ദർഭം നാം ഓർക്കുന്നുണ്ടാകും. പത്രോസ് നടത്തിയ വിശ്വാസ പ്രഖ്യാപനത്തെ തുടർന്ന്, യേശു തന്നെ കാത്തിരിക്കുന്ന പീഡാ സഹനത്തെയും മരണത്തെയും കുറിച്ച് പ്രവചിച്ചപ്പോൾ, പത്രോസ്, ഇതൊരിക്കലും സംഭവിക്കാതിരിക്കട്ടെ, എന്നു പറഞ്ഞു തടസ്സം ഉന്നയിച്ചു. ആ നേരം യേശു പത്രോസിനോടു പറഞ്ഞു: സാത്താനെ, എന്റെ മുന്നിൽ നിന്നു പോകൂ, നീ എനിക്ക് പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്, (മത്താ. 16:23). ഇതിനെ തുടർന്ന് യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്ക് പോയി(മത്താ. 17:1).
രൂപാന്തരീകരണ സംഭവത്തെക്കുറിച്ചുള്ള തന്റെ വിതനത്തിൽ നാല് ഘട്ടങ്ങൾ പാപ്പ എടുത്തു പറയുന്നു. ഒന്നാമതായി, വിശ്രമരഹിതമായ അനുദിന ജീവിതത്തിൽ നിന്ന് യേശു തന്റെ ശിഷ്യരെ മാറ്റിനിർത്തുന്നു. അതുപോലെ നോമ്പുകാലം അനുഷ്ഠിക്കുന്ന നാം തിരക്കേറിയതും വ്യഗ്രതനിറഞ്ഞതുമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒരല്പം മാറി നിൽക്കുക. രണ്ടാമതായി, യേശുവും ശിഷ്യരും ഒരുമിച്ച് മലമുകളിലേയ്ക്ക് യാത്രചെയ്യുന്നു. ഇതുപോലെ തപസ്സുകാലത്ത് സഭാ മക്കളിൽ സംഭവിക്കേണ്ടത് യേശുവിനോടൊപ്പമുള്ള യാത്രയാണ്. ഈ യാത്ര നമ്മെ സംബന്ധിച്ചിടത്തോളം ദുഷ്കരമായേക്കാം. കാരണം തിരക്കേറിയ അനുദിന ജീവിതത്തിന്റെ ക്ലേശങ്ങളിലാണ് നാം. മൂന്നാമതായി, ശിക്ഷർ താബോർ മലയിൽ യേശുവിനോടൊപ്പം ആയിരിക്കുന്നു. തപസ്സുകാലത്ത് ശിഷ്യരെപ്പോലെ സഭാ മക്കളായ നാം യേശുവിനോടൊപ്പം ആയിരിക്കണം. പാപ്പാ ഈ ഘട്ടത്തെ ധ്യാനജീവിതമായി വിശേഷിപ്പിക്കുന്നു. ഇതിലൂടെയാണ് യേശുവിന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ഹൃദയത്തിലൂടെ നിരന്തരം കടന്നുപോകുന്നത്. നാലാമതായി, യേശുവിന്റെ മഹത്വ ദർശനമാണ്. താല്പര്യയിൽ നിന്ന് യേശുവിനോടൊപ്പം യാത്ര ചെയ്ത് മലമുകളിൽ അവിടത്തോടൊപ്പം ആയിരുന്ന ശിഷ്യന്മാർക്ക് ലഭിച്ചത് യേശുവിന്റെ രൂപാന്തരീകരണം ദർശിക്കാനുള്ള ഭാഗ്യമാണ്.
തപസ്സുകാലത്ത് ജീവിതവിഗ്രഹങ്ങളിൽ നിന്നുള്ള അകലവും, യേശുവിനോടൊപ്പം ഉള്ള യാത്രയും, മുകളിലെ യേശുവിനോടൊപ്പം ഉള്ള ധ്യാനജീവിതവും നമുക്ക് സമ്മാനിക്കുന്നത് യേശുവിന്റെ രൂപാന്തകരണം അനുഭവിക്കാനുള്ള കൃപയാണ്. യേശുവിനോടൊപ്പമുള്ള നമ്മുടെ മലകയറ്റം അഥവാ ഉന്നതമായ ഒരിടത്തേക്കുള്ള യാത്ര, അന്തിമഘട്ടത്തിൽ മുകൾ പ്പരപ്പിലെത്തുമ്പോൾ നമ്മെ കാത്തിരിക്കുന്നത് ഉജ്ജ്വലമായ മഹത്വീകരണത്തിന്റെ അനുഭവമാണ്. ഈ ആത്മീയ നവീകരണം ഒറ്റപ്പെട്ട വ്യക്തികളിൽ മാത്രം ഒതുങ്ങേണ്ടതല്ല. സഭാമക്കളിലാകമാനം സംഭവിക്കേണ്ടതാണ്.
സിനാഡാത്മകത(synodality ) അർഥാക്കുന്നത് വിശ്വാസ സമൂഹം മുഴുവനും തിരക്കുകളിൽ നിന്ന് മാറി യേശുവിനോടൊപ്പം യാത്ര ചെയ്ത് യേശുവിനോടൊപ്പം ആയിരുന്നു കൊണ്ട് ഉന്നതമായ ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിക്കുകയെന്നതാണ്. ഫ്രാൻസിസ് പാപ്പ നോമ്പ് കാല സന്ദേശത്തിൽ വിഭാവനചെയ്തപ്രകാരം ആത്മീയ ചൈതന്യത്തിന്റെ ഉയരങ്ങളിൽ എത്തുവാൻ പരമ്പരാഗതമായി മുന്നോട്ടുവയ്ക്കുന്ന മൂന്ന് സാധ്യതകളാണ് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം. പ്രാർത്ഥന വ്യഗ്രതകളിൽ നിന്നുള്ള മോചനവും യേശുവിനോടൊപ്പമുള്ള യാത്രയുമാണ്.
പ്രാർത്ഥനയിൽ ജീവിതത്തെ കുറിച്ചുള്ള വിലയിരുത്തലും തിരിഞ്ഞുനോട്ടവുമുണ്ട്. ഇത് ജീവിത വിശദ്ധീകരണത്തിലേക്കുള്ള പാതയുമാണ്. ഉപവാസം മലമുകളിൽ യേശുവിനോടൊപ്പമുള്ള ധ്യാനജീവിതമാണ്. യേശുവിന്റെ പീഡാനുഭവും മരണവും ഉത്ഥാനവും ഇവിടെ ധ്യാന വിഷയമാകുന്നു.ധ്യാനം നമ്മിലുളവാക്കുന്ന മാറ്റമാണ് നവീകരണം. നോമ്പിന്റെ അന്തിമഘട്ടത്തിൽ സംഭവിക്കുന്ന ആത്മീയ ചൈതന്യത്തിന്റെ ബാഹ്യ അടയാളമാണ് ദാനധർമ്മം. യേശുവിന്റെ മഹത്വം ഭവനരഹിതരിലും മാറ്റിനിർത്തപ്പെടുന്നവരിലും ഓരങ്ങളിൽ ഉള്ളവരിലും കണ്ടുകൊണ്ട് നമുക്ക് ആവുന്നത് ചെയ്യുന്നതാണ് ദാനധർമ്മം. ഒരു തിരുന്നാൾ ഒരു ഭവനം, ഉന്നതവിദ്യാഭ്യാസത്തിനുതകുന്ന സഹായം, നിർധനകുടുംബങ്ങളെ ദത്തെടുക്കൽ, പാർപ്പിടയോഗ്യമല്ലാത്ത ഇടങ്ങളിലുള്ളവർക്ക് അഭയം തുടങ്ങിയ പദ്ധതികൾ ദാനധർമ്മത്തിന്റെ ഭാഗമാകട്ടെ! നമ്മുടെ അതിരൂപത കുടുംബ കൂട്ടായ്മകളെ(ബി. സി. സി ) രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാരംഭിച്ച സന്ദർഭത്തിൽ രോഗികളെ സന്ദർശിക്കുക, മരുന്നു വാങ്ങി സഹായിക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, പ്രായമായ പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ട സഹായം നൽകുക, ഭവനങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപണികൾ ചെയ്യുവാനും സഹായിക്കുക തുടങ്ങി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവന്നു. ഇന്നും ഈ മാതൃക പിന്തുടരുന്ന പല ഇടവകകളും സംഘടനകളും നമ്മുടെ അതിരൂപതയ്ക്ക് വലിയ പ്രതീക്ഷയാണ്. നിങ്ങളെ ഏവരെയും ഈ അവസരത്തിൽ ഞാനാഭിനന്ദിക്കുന്നു. തുടർന്നും ഇത്തരം കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഈ തപസ്സുകാല ആചരണം പ്രചോദനമാകട്ടെ! ഏകാഗ്രതയിലേക്ക് മാറാനും, യേശുവിനോടൊപ്പം യാത്ര ചെയ്യുവാനും, യേശുവിനോടൊപ്പം ആയിരിക്കുവാനും യേശുവിന്റെ മഹത്വം ദർശിക്കുവാനും നമുക്ക് തടസം സൃഷ്ടിക്കുന്നത് ഇന്ന് നാം സുവിശേഷത്തിൽ ശ്രമിച്ച വിവിധ ലോഭനങ്ങൾ തന്നെയാണ്(മത്താ 4:1-11 ). ഭൗതികമായ നേട്ടങ്ങൾ കയ്യടക്കുവാൻ ഉള്ള മോഹം, പ്രശസ്തിക്കുവേണ്ടിയുള്ള ദുരാഗ്രഹം, തന്നെ വെല്ലുവിളിക്കുവാൻ പ്രേരിപ്പിക്കുന്ന അഹങ്കാരം, തുടങ്ങിയ പ്രലോഭനങ്ങൾ നമ്മളിൽ പലരെയും വേട്ടയാടുന്നു. പ്രലോഭനങ്ങളെയെല്ലാം നിയന്ത്രിച്ച് ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിക്കാൻ അർത്ഥപൂർണ്ണമായ നോമ്പാചരണം നമ്മെ സഹായിക്കട്ടെ!