ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ സഭ. ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആഹ്വാനം. മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സിബിസിഐ നേരത്തെ പ്രസ്താവിച്ചിരിന്നു.
വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മത മൗലികവാദ പ്രസ്ഥാനങ്ങളും എല്ലായ്പ്പോഴും രാജ്യത്തെയും അതിൻ്റെ ഭരണഘടനയെയും ചിത്രീകരിച്ചിട്ടുള്ള ബഹുസ്വര ധാർമ്മികതയെ ഇല്ലാതാക്കുന്നുവെന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കാന്‍ പാടില്ലായെന്നും സിബിസിഐ പ്രസ്താവിച്ചു. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി രാജ്യത്തു മാറിയിരിക്കുകയാണ്. 2014ൽ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023ൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ 687 ആയി വർദ്ധിച്ചെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടിയിരിന്നു.