വിജയപുരം: ദൈവസ്‌നേഹത്തിന്റെ കരുത്തും കരുതലുമായി മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങളില്‍ വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വിജയപുരം രൂപതാ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അർപ്പിച്ച ദിവ്യബലിയിൽ ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് ജെ. നെറ്റോയും സഹകാര്‍മികരായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ദൈവവചനപ്രഘോഷണത്തിനും സുവിശേഷ വായനയ്ക്കും ശേഷം മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു. ജസ്റ്റിന്‍ മഠത്തില്‍പറമ്പിലിനെ വിജയപുരം സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള (തീട്ടൂരം) ചാന്‍സലര്‍ മോണ്‍. ജോസ് നവസ് ലത്തീനിലും വൈസ്ചാന്‍സലര്‍ സിസ്റ്റര്‍ മേരി അന്‍സ ഡിഎച്ച് മലയാളത്തിലും വായിച്ചു. ‘ദൈവത്തിനു നന്ദി സ്തുതി പാടീടാം ദൈവമേ’ എന്ന ഗാനത്തിനു ശേഷം കോഴിക്കോട് ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.
ഡോ. സെബാസ്റ്റിയന്‍ തെക്കത്തച്ചേരില്‍ നിയുക്തമെത്രാന്റെ ശിരസിനു മീതെ സുവിശേഷഗ്രന്ഥം തുറന്നു വച്ച് പ്രതിഷ്ഠാപന പ്രാര്‍ഥന ചൊല്ലുകയും അതിനു ശേഷം തൈലാഭിഷേകം നടത്തുകയും സുവിശേഷഗ്രന്ഥദാനം നടത്തുകയും ചെയ്തു. പുതിയ മെത്രാനെ വിശ്വസ്തതയുടെ മുദ്രയായി മോതിരമണിയിക്കുകയും ജനപാലനാധികാരത്തിന്റെ ചിഹ്നമായി അധികാരദണ്ഡ് നല്‍കുകയും ശിരസില്‍ വിശുദ്ധിയുടെ പ്രതീകമായ അംശമുടി അണിയിക്കുകയും ചെയ്തു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ അദ്ദേഹത്തെ പ്രധാന ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് എല്ലാ മെത്രാന്മാരും ബിഷപ് ജസ്റ്റിന് സമാധാന ചുംബനം നല്കി. തുടര്‍ന്ന് വിജയപുരം രൂപതയിലെ വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികള്‍ മെത്രാനോടുള്ള തങ്ങളുടെ ആദരവും വിധേയത്വവും പ്രകടമാക്കി മുദ്രമോതിരം ചുംബിച്ചു. പുതിയ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്നു.
കെസിബിസി പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ്, കര്‍ദിനാള്‍ എമരിറ്റസ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. സൂസപാക്യം, സേവറിയോസ്, മാര്‍ മാത്യു മൂലക്കാട്ടില്‍, തോമസ് മാര്‍ കുറിലോസ്, ജോസഫ് പെരുന്തോട്ടം, ബോസ്‌കോ പുത്തൂര്‍, ഗീവര്‍ഗീസ് മാര്‍ എഫ്രേം, മാര്‍ ജോസഫ് പാംപ്ലാനി, ബിഷപുമാരായ ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് കരയില്‍, ഡോ.വിന്‍സെന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. ജോസഫ് കാരിക്കശേരി, ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍. പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യുസ് മാര്‍ പോളികാര്‍പ്, യോഹന്നാന്‍ മാര്‍ തിയോഡീഷ്യസ്,, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, യോഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, വൈദികര്‍, സന്ന്യസ്തര്‍, അയ്യായിരത്തില്‍ പരം വിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.