വെള്ളയമ്പലം: അതിരൂപതയിലെ ദൈവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന കണക്കന്മാരുടെയും മെലിഞ്ചിമാരുടെയും കൂടിവരവ് ഇന്ന് (13.12.2023) രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മുഖ്യാഥിതിയായിരുന്നു.
ബൈബിൾ പ്രതിഷ്ഠ, ബൈബിൾ വന്ദനം, പ്രാർത്ഥന എന്നിവയോടെയാണ് കൂടിവരവ് ആരംഭിച്ചത്. ഒരു വ്യക്തി തിരുസഭാംഗത്വം നേടുമ്പോഴും ദൈവസന്നിധിയിലേക്ക് യാത്രയാകുമ്പോഴും നിശബ്ദസാന്നിധ്യമായി കാണുന്ന വ്യക്തികളാണ് നമ്മുടെ ദൈവാലയങ്ങളിൽ സേവനം ചെയ്യുന്ന കണക്കനും മെലിഞ്ചിയും. ഇടവകയിലെ വിവിധ തരത്തിലുള്ള വ്യക്തിത്വതങ്ങളുമായി ഇടപഴകി ഇടവകയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന നിങ്ങളെ പ്രത്യേകം അനുമോദിക്കുന്നതായി മെത്രാപ്പോലീത്ത തന്റെ സന്ദേശത്തിൽ പറഞ്ഞു.
തുടർന്ന് ഇടവകപ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡാർവ്വിൻ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നായി 42 പേർ പങ്കെടുത്ത സംഗമത്തിൽ ആർച്ചബിഷപ്പ് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. സൗത്ത്കൊല്ലങ്കോട് ഇടവകയിലെ സാക്രിസ്റ്റൻ സാജൻ കൃതജ്ഞതയർപ്പിച്ചു.