വത്തിക്കാൻ: മക്കൾക്ക് ജന്മം നൽകി അവരെ വളർത്താനും അവർക്ക് ആവശ്യം വരുമ്പോൾ ശിക്ഷണം നൽകി ശരിയായ പാതയിലേക്ക് നിയക്കുവാനുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പ. യൂറോപ്പിലെ മാതാപിതാക്കളുടെ സമിതിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരുടെ നൂറോളംപേരടങ്ങുന്ന സംഘത്തെ ശനിയാഴ്‌ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
മാതാപിതാക്കളാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണെന്നും ഇത് ദമ്പതികളിൽ പുതിയ ഊർജ്ജവും ആവേശവും ഉണർത്തുന്നുവെന്നും പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുമ്പോൾത്തന്നെ അവർക്ക് പക്വതയോടെ വളരുന്നതിനും സ്വയംപര്യാപ്തരാകുന്നതിനും നല്ല ശീലങ്ങൾ ആർജ്ജിക്കുന്നതിനുമുള്ള ഉത്തേജനം പകരുകയെന്ന മാതാപിതാക്കളുടെ കടമ പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വൈകാരികത, ലൈംഗികത എന്നിവയെ സംബന്ധിച്ച ഭാവാത്മക രൂപികരണത്തിന് മക്കളെ സഹായിക്കുക, മദ്യം മയക്കുമരുന്ന്, അശ്ലീലസാഹിത്യം അക്രമാസക്തമയ വീഡിയൊക്കളികൾ, ചൂതാട്ടം എന്നിവയുടെ പിടിയിൽ വീഴാതെ പ്രതിരോധിക്കാനുള്ള കഴിവ് വളർത്തുക തുടങ്ങിയവയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. മാതാപിതാക്കളുടെ ഈ ദൗത്യത്തിന് ഇന്ന് പലരാജ്യങ്ങളിലും, പ്രതികൂലമായ സാംസ്കാരിക പശ്ചാത്തലമാണുള്ളതെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.