പുതുക്കുറിച്ചി: തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ബിസിസി സംഗമം നടന്നു. സെന്റ്. സേവിയേഴ്സ് കോളേജിലെ ഫാദർ ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തിൽ പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഫാ. ജെറോം ഫെർണാണ്ടസ്, വൈദിക കോർഡിനേറ്റർ റവ. ഫാ. ഇഗ്നാസി രാജശേഖർ, ബിസിസി സിസ്റ്റർ ആനിമേറ്റർ, ഫൊറോന ബിസിസി കോർഡിനേറ്റർ ശ്രീ. എഡിസൺ ആൻഡ്രൂസ് , ഇടവക കോഡിനേറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.
“ക്രിസ്തുവിന് സാക്ഷിയായി ഞങ്ങളും” എന്ന വിഷയത്തെക്കുറിച്ച് ബിസിസി കെആർഎൽസിബിസി സെക്രട്ടറി റവ. ഫാ. ഡോ. ഗ്രിഗറി ആർ. ബി ക്ളാസ് നയിച്ചു. ബിസിസി പ്രവർത്തനം, ദിശാബോധം, നേതൃത്വം എന്ന വിഷയത്തിൽ തിരുവനന്തപുരം അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ഡാനിയൽ അവബോധം നൽകി. ഒരു മാസത്തോളം ഫൊറോനയിൽ നീണ്ടുനിന്ന പ്രേഷിത കുരിശിന്റെ പ്രയാണത്തിന് ശേഷമാണ് ബിസിസി സംഗമം നടന്നത്.
സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവ് ഫൊറോനയിലെ 11 ഇടവകകളിൽ നിന്നും പങ്കെടുത്ത ബിസിസി പ്രതിനിധികളുമായി “സഭയെന്നത് ദൈവജനം” എന്ന വിഷയത്തിന്മേൽ സംവദിച്ചു. തുടർന്ന് പ്രേഷിത കുരിശിന്റെ ആശീർവാദം ക്രിസ്തുദാസ് പിതാവ് നല്കി. 750-ലധികം വിശ്വാസികൾ പങ്കെടുത്ത സംഗമത്തിൽ എല്ലാ അംഗങ്ങളും ബൈബിൾ വന്ദനം നടത്തിയത് മാതൃകാപരവും ഭക്തിസാന്ദ്രവുമായി. ഫൊറോന ബിസിസി സെക്രട്ടറി ശ്രീ. യൂജിൻ ഹെൻട്രി കൃതജ്ഞതയർപ്പിച്ചു.