പാളയം: തിരുവനന്തപുരം ലത്തീൻ അതിരൂപത നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അതിരൂപത ദിനമായ ജുലൈ 01 ബുധനാഴ്ച പാളയം സെന്റ് ജോസഫ്സ് ഭദ്രാസന ദൈവാലയത്തിൽ അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ അതിരൂപതയുടെ നവതി ആഘോഷങ്ങൾ അദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 1937 ജൂലൈ 1-ന് പിയൂസ് പതിനൊന്നാമൻ പാപ്പാ ‘ഇൻ ഓറ മലബാറിക്കാ’ എന്ന വിജ്ഞാപനത്തിലൂടെ നിലവിൽ വന്ന തിരുവനന്തപുരം രൂപതയുടെ നാൾവഴികൾ ദിവ്യബലി മധ്യേ സ്മരിച്ചു. 2004-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അതിരൂപതയായി ഉയർത്തിയത്. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പ്രേഷിത ദൗത്യം നടത്തി ഒരുമിച്ച് മുന്നേറാൻ വചന സന്ദേശത്തിലൂടെ ബിഷപ് ക്രിസ്തുദാസ് ആഹ്വാനം ചെയ്തു. എമിരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം, അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര തുടങ്ങി അതിരൂപതയിലെ മറ്റുവൈദികർ സഹകാർമികരായിരുന്നു. ദിവ്യബലി മധ്യേ നവതി ലോഗോയുടെ പ്രകാശന കർമ്മം എമിരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം നിർവഹിച്ചു. അതിരൂപതയിലെ സന്യസ്തരും, വൈദിക വിദ്യാർഥികളും, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യത്തോടും, പ്രബോധനങ്ങളോടും വിശ്വസ്തത പുലർത്തിക്കൊണ്ട് ശതാബ്ദിയിലേക്ക് നീങ്ങുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത കേരളത്തിന്റെ വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. ജൂലൈ 5 ഞായറാഴ്ച അതിരൂപതയിലെ ഇടവകകളിൽ പതാക ഉയർത്തി ഇടവകതല നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
