വെള്ളയമ്പലം: നല്ല ഇടയൻ ഞായറായി തിരുസഭ ആചരിക്കുന്ന 2024 ഏപ്രിൽ 21 ഞായറാഴ്ച തിരുവനന്തപുരം അതിരൂപതയിൽ ദൈവവിളി ശക്തിപ്പെടുത്തുന്ന ദിനമായി ആചരിക്കും. അന്നേ ദിനം ദേവാലയങ്ങളിൽ ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളും വചന സന്ദേശങ്ങളും, പ്രാർത്ഥനകളും നടത്തണമെന്ന് അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത തന്റെ സർക്കുലറിലൂടെ ആവശ്യപ്പെട്ടു.
സമർപ്പിതർക്കും വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുക, സന്യസ്ത വൈദിക ദൈവവിളി പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ തുക സമാഹരിക്കുക, വൈദികരുടെ തുടർ പരിശീലനത്തിനാവശ്യമായ സാമ്പത്തികം ജനപങ്കാളിത്തത്തോടെ ഉറപ്പിക്കുക, വിശ്രമ ജീവിതം നയിക്കുന്ന വൈദികരുടെ പരിപാലനത്തിൽ സുമനസ്സുകളുടെ പിന്തുണ ഉറപ്പാക്കുക തുടങ്ങിയ മാതൃകാ പ്രവർത്തനങ്ങളും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർദ്ദേശിച്ചിട്ടുണ്ട്.
അന്നേദിനം ദേവാലയങ്ങളിൽ ദൈവവിളിയുടെ പ്രാധാന്യവും പിന്തുണയ്ക്കേണ്ടതിൻ്റെ ആവശ്യകതയും വെളിവാക്കുന്ന അതിരൂപതാധ്യക്ഷന്റെ ഇടയലേഖനം വായിക്കും. ഒപ്പം പൊതുവായ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കേണ്ട പോസ്റ്ററുകളും, കുടുംബങ്ങളിൽ ദൈവവിളിക്കായി പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന കാർഡുകളും വിതരണം ചെയ്യും. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബം ഒരു സെമിനാരി വിദ്യാർത്ഥിയെ പിന്തുണയ്ക്കുക, വിശ്രമ ജീവിതം നയിക്കുന്ന വൈദികനെ പിന്തുണയ്ക്കുക തുടങ്ങി വിപുലമായ കർമ്മ പദ്ധതികൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കും.