അനന്തപുരിയിലെ റോമന്‍ കത്തോലിക്കരുടെ ആത്മീയ അജപാലകനായി ഡോ. തോമസ് ജെ. നെറ്റോയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു എന്ന സദ്‌വാർത്ത കേരളത്തിലെ റോമന്‍ അഥവാ ലത്തീന്‍ കത്തോലിക്ക സഭാ സമൂഹത്തെ ഏറെ ആഹ്ലാദഭരിതമാക്കിയ പ്രധാന ചരിത്ര മുഹൂര്ത്തമാണ്. കേരള പൊതുസമൂഹത്തിന്റെ തന്നെ ധാർമിക ശബ്ദമായ സൂസപാക്യം പിതാവ് കാനോനിക നിയമമനുസരിച്ച്, അജപാലന ദൗത്യത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്ക്കുശേഷം വിരമിച്ചതിനെ തുടര്ന്നാണ് തിരുവനന്തപുരം അതിരൂപതയ്ക്ക് പുതിയ ആര്ച്ച് ബിഷപ്പിനെ ലഭിച്ചത്. പ്രാദേശിക സഭയുടെ അധ്യക്ഷനായ മെത്രാന്റെ സ്ഥാനത്തിന്റെയും പദവിയുടെയും ഉത്തരവാദിത്വത്തിന്റെയും ശുശ്രൂഷയുടെയും അടിസ്ഥാനം വി. വേദപുസ്തകവും സഭാ പാരമ്പര്യങ്ങളുമാണ്. മെത്രാന്‍ എന്ന വാക്കിന്റെ ഗ്രീക്ക് പദം ‘എപ്പിസ്‌കോപ്പസ്’ എന്നാണ്. ലത്തീനില്‍ ‘പൊന്തിഫിക്കല്‍’ എന്നും ‘എപ്പിസ്‌കോപ്പസ്’ എന്നും പോര്ച്ചുഗീസില്‍ ‘ബിസ്‌കോപ്’ എന്നും ഇംഗ്ലീഷില്‍ ‘ബിഷപ്പ്’ എന്നും മെത്രാന്‍ എന്ന വാക്കിനെ വിളിക്കുന്നു. ബിഷപ്പ് അര്പ്പിക്കുന്ന ദിവ്യബലിക്ക് ‘പൊന്തിഫിക്കല്‍’ ബലി എന്നാണ് പറയുന്നത്. ‘മിത്റാൻ’ എന്ന സുറിയാനി വാക്കില്‍ നിന്നാണ് മെത്രാന്‍ എന്ന് മലയാളത്തില്‍ ഉപയോഗിക്കുന്നത്. ‘മിത്രാന്‍’ എന്നാണ് അറബി ഭാഷയില്‍ പറയുന്നത്. ‘ആയര്‍’ എന്ന് തമിഴില്‍ പറയുന്നു. എപ്പിസ്‌കോപ്പസ് എന്ന പദത്തിന് മേല്നോട്ടക്കാരന്‍, കാവല്ക്കാരന്‍, പരിപാലകന്‍, മേലധ്യക്ഷന്‍ – എന്നൊക്കെയാണ് അർത്ഥം.
അപ്പസ്‌തോലന്മാരുടെ പിന്തുടര്ച്ചയായി തിരുസഭയെ നയിക്കുന്നതിന് സ്വര്ഗീയമായി നിയമിക്കപ്പെട്ടവരാണ് ബിഷപ്പുമാര്‍. അപ്പസ്‌തോല പ്രവര്ത്തനങ്ങളില്‍ ശുശ്രൂഷ പദവിയെ സൂചിപ്പിക്കുവാന്‍ മെത്രാന്‍ (episkopos) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആദിമസഭയില്‍ സഭാ ശ്രേഷ്ഠരെ മെത്രാന്‍ എന്നാണ് വളിക്കുന്നത്. ശ്ലീഹന്മാരുടെ പിന്ഗാരമികളായാണ് തിരുസഭ മെത്രാന്‍ പദവിയെ കാണുന്നത്. വിശ്വാസി സമൂഹത്തിന്റെ നേതൃ സ്ഥാനത്തേക്ക് പരിശുദ്ധാത്മാവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ബിഷപ്പുമാര്‍ എന്നാണ് ആദിമസഭയുടെ ആഴമായ വിശ്വാസവും പഠനവും. വിശ്വാസികളെ പഠിപ്പിക്കുന്നതിനും നയിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും ദിവ്യരക്ഷകനായ യേശുവിനാല്‍ സ്ഥാപിതമായ അധികാരത്തിന്റെ തുടര്ച്ചയാണ് മെത്രാന്‍ സ്ഥാനം.
ഉത്ഥിതനായ യേശു തന്റെ ശിഷ്യന്മാര്ക്ക് പ്രേഷിത ശുശ്രൂഷ ദൗത്യവും സഭാധികാരവും നൽകുന്നതായി സുവിശേഷങ്ങളില്‍ (മത്താ. 28:16-20, മാര്ക്കോ . 16:15, ലൂക്കാ 24: 46-49) നാം വായിക്കുന്നു. പരിശുദ്ധത്മാവിനാല്‍ നിറഞ്ഞ് ശക്തിപ്പെട്ട ശ്ലീഹമാര്‍ സുവിശേഷ പ്രചാരണ ദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പുറപ്പെട്ടു. ”സ്വര്ഗഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്ക്ക് ജ്ഞാനസ്‌നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്താ. 28: 18-20) എന്ന് യേശുവില്‍ നിന്ന് ലഭിച്ച സഭാധികാരം ഉപയോഗിച്ചാണ് അപ്പസ്‌തോലന്മാര്‍ ലോകാതിർത്തി വരെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ പോയത്. ഇപ്രകാരം ക്രിസ്തുവിനാല്‍ അയക്കപ്പെട്ട അപ്പസ്‌തോലന്മാരുടെ പ്രേഷിതദൗത്യഫലമായി രൂപംകൊണ്ട ആദിമസഭാ സമൂഹങ്ങളെ നയിക്കാന്‍, ദിവ്യരക്ഷകന്‍ ശിഷ്യഗണത്തില്‍ നിന്ന് ചിലരെ തെരഞ്ഞെടുത്ത് പ്രത്യേക ദൗത്യങ്ങളും അധികാരങ്ങളും ഏല്പ്പി ച്ചതുപോലെ ശ്ലീഹമാരും ചിലരെ തെരഞ്ഞെടുത്തു പ്രാദേശിക സഭയുടെ ഉത്തരവാദിത്വം ഏല്പ്പിച്ചു. പൗലോസ് ശ്ലീഹാ ഇതുപോലെ തിമോത്തിയോസിനെ നിയമിച്ചു. തിരുസഭയിലെ എല്ലാ ബിഷപ്പുമാരുടെയും ആത്മീയമായ സഭാധികാരം ബിഷപ്പുമാരില്‍ നിന്നും ബിഷപ്പുമാരിലേക്ക് പിന്തുടര്ച്ചയായി ലഭിച്ചതാണ്. പൗലോസ് ശ്ലീഹായുടെ സാക്ഷ്യങ്ങള്‍ ഇപ്രകാരമാണ്: ‘അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമായ അടിത്തറമേല്‍ പണിതുയര്ത്തപ്പെട്ടവരാണ് നിങ്ങള്‍. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.’ (എഫോ. 2:20). ‘അവന്‍ ചിലര്ക്ക് അപ്പസ്‌തോലന്മാരും പ്രവാചകന്മാരും സുവിശേഷ പ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്കി. ഇത് വിശുദ്ധരെ പരിപൂര്ണരാക്കുന്നതിനും ശ്രുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്ത്തുന്നതിനും വേണ്ടിയാണ്’ (എഫേ. 4:11-12), ‘ഫിലിപ്പിയിലെ മെത്രാന്മാരും ഡിക്കന്ന്മാരും ഉൾപ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധര്ക്കും എഴുതുന്നത്’ (ഫിലി. 1:1), ‘എന്റെ കൈവയ്പിലൂടെ നിനക്കുലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്ന് ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു.’ (1 തിമോ. 1:6), ‘പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്ക് നല്കപപ്പെട്ട കൃപാവരം അവഗണിക്കരുത്’ (1 തിമോ. 4:14). അപ്പസ്. പ്രവ. 6:6 – ഇപ്രകാരമാണ്: ‘അവരെ അപ്പസ്‌തോലന്മാരുടെ മുമ്പില്‍ നിര്ത്തി . അവര്‍ പ്രാർത്ഥിച്ചിട്ട് അവരുടെ മേല്‍ കൈകള്‍ വച്ചു’ – തിരുസഭയെ അപ്പസ്‌തോലിക പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്ന വചനഭാഗങ്ങളാണിത്.
അപ്പസ്‌തോലന്മാരെ തുടര്ന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സഭാഭരണം നിർവഹിച്ചു വരുന്നത് ബിഷപ്പുമാരാണ്. ദൈവിക പദ്ധതി അനുസരിച്ച് അപ്പസ്‌തോലന്മാരുടെ പിന്ഗാമികളാണ് മെത്രാന്മാര്‍ എന്നതുകൊണ്ട് പിന്തുടര്ച്ചക്കാരെ തെരഞ്ഞെടുത്ത് നിയമിക്കുന്നതില്‍ അതീവ ശ്രദ്ധവേണമെന്നും തിടുക്കം കാട്ടരുത് എന്നും പൗലോസ് ശ്ലീഹാ, തീമോത്തിയോസിനെ ഉപദേശിച്ചു. ‘അനേകം സാക്ഷികളുടെ മുമ്പില്‍ വച്ച് നീ എന്നില്‍ നിന്ന് കേട്ടവ, മറ്റുള്ളവരെ കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്ഥരായ ആളുകള്ക്ക് പകര്ന്നു കൊടുക്കുക’ (2. തിമോ. 2:2). ദിവ്യരക്ഷകന്റെ തിരുവചസുകളും ദൗത്യങ്ങളും വിശ്വസ്തതയോടെ നിർവഹിക്കുവാനും പ്രചരിപ്പിക്കുവാനും ചുമതലപ്പെടുത്തുന്നതിനൊപ്പം യോഗ്യതയുള്ളവരെ ശുശ്രൂഷയ്ക്കായി നിയമിക്കാനും പൗലോസ് ശ്ലീഹാ ഉപദേശിക്കുന്നു. ‘ആര്ക്കെങ്കിലും കൈവപ്പ് നല്കുന്നതില്‍ തിടുക്കം കൂട്ടുകയോ മറ്റൊരാളുടെ പാപത്തില്‍ പങ്കുചേരുകയോ അരുത്’ (1. തിമോ. 5:22). മെത്രാന്മാര്ക്കു വേണ്ട ഗുണങ്ങളെ കുറിച്ച് പൗലോസ് ശ്ലീഹാ 1 തിമോ. 3: 1-8 ലും തീത്തോ. 1:6-9 ലുമായി ഉപദേശിക്കുന്നു. വി. പൗലോസ് ഇപ്രകാരം പഠിപ്പിക്കുന്നു: ‘ മെത്രാന്‍ ദൈവത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയ്ക്ക് കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയാനോ ആയിരിക്കരുത്. മറിച്ച്, അവന്‍ അതിഥി സല്ക്കാരപ്രിയനും നന്മയോടു പ്രതിപത്തി ഉള്ളവനും, വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം. അന്യൂനമായ വിശ്വാസ സംഹിതയില്‍ പ്രബോധനം നല്കാനും അതിനെ എതിര്ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടത് അവന്‍, ഞാന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെ പിടിക്കണം.’ (തീത്തോ. 1:7-9). അജപാലകരുടെ തിരഞ്ഞെടുപ്പിനെയും ദൗത്യത്തെയും കുറിച്ച് അപ്പസ്‌തോല നടപടി 20:28 ല്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്: ‘നിങ്ങളെയും അജഗണം മുഴുവനെയും പറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് നിങ്ങള്‍.’
സഭാശ്രേഷ്ഠരെ നിയമിച്ചിരിക്കുന്നത് ശ്ലീഹന്മാരാണ് എന്നാണ് ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അപ്പസ്‌തോലന്മാരുടെ കീഴില്‍ ഓരോ പട്ടണങ്ങളിലെയും സഭാധികാരം നിർവഹിച്ചിരുന്ന മെത്രാന്മാര്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തോടെ ഒരു പ്രദേശത്തിന്റെ അധിപന്മാരായി മാറി. അപ്പസ്‌തോലന്മാര്‍ പല പ്രദേശങ്ങളിലും മെത്രാന്മാരെ സഭാ ഭരണത്തിനായി നിയമിച്ചിരുന്നു എന്ന് എഴുതിയ ഒന്നാം നൂറ്റാണ്ടിലെ റോമിലെ വി. ക്ലെമന്റ് ഇപ്രകാരമാണ് രേഖപ്പെടുത്തിയത്: ‘ക്രിസ്തു പിതാവില്‍ നിന്നും, അപ്പസ്‌തോലന്മാര്‍ ക്രിസ്തുവില്‍ നിന്നും, മെത്രാന്മാര്‍ അപ്പസ്‌തോലന്മാരില്‍ നിന്നും സ്വീകരിച്ച ദൈവദത്തമായ അധികാരം വഴിയുള്ള പിന്തുടര്ച്ചയില്‍ മെത്രാന്മാര്‍ സഭയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.’ ‘ദൈവമെന്ന പോലെ മെത്രാന്മാര്‍ പരിഗണിക്കപ്പെടണമെന്നും അവര്‍ അനുസരിക്കപ്പെടണമെന്നും ക്രിസ്തു മെത്രാന്‍ വഴി വിശ്വാസികളോട് സംസാരിക്കുന്നു’ എന്ന് എ.ഡി. രണ്ടാം നൂറ്റാണ്ടിലെ അന്തിയോക്യയിലെ വി. ഇഗ്നേഷ്യസ് എഴുതി. വി. ഇഗ്നേഷ്യസ് ഇപ്രകാരവും എഴുതി: ‘അപ്പസ്‌തോലന്മാര്‍ നിയമിച്ച മെത്രാന്മാരും അവരുടെ പിന്ഗാ മികളും വഴി, ഇക്കാലംവരെയും ശ്ലൈഹിക പാരമ്പര്യം ലോകമെല്ലായിടത്തും അവതരിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.’ ലോകമെങ്ങും പോയി സകലരോടും സുവിശേഷം അറിയിക്കുക എന്നതായിരുന്നു ക്രിസ്തുവില്‍ നിന്ന് അപ്പസ്‌തോലന്മാര്ക്ക് ലഭിച്ച പ്രധാന ദൗത്യം. ഇതുതന്നെയാണ് മെത്രാന്മാരുടെയും പ്രധാന ശുശ്രൂഷ. തന്റെ വിശ്വാസി സമൂഹത്തെ സുവിശേഷം അറിയിക്കുക, പഠിപ്പിക്കുക എന്നതാണ് മെത്രാന്റെ പ്രധാന ദൗത്യം. വചന ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്ലീഹമാര്‍ ഡീക്കന്മാരെ തെരഞ്ഞെടുക്കുന്നതായി അപ്പസ്. പ്രവ. 6:3-7 ല്‍ നാം വായിക്കുന്നു.
സഭാ ശ്രേഷ്ഠന്മാര്‍ എപ്രകാരം അജപാലനദൗത്യം നിര്വ്വേഹിക്കണമന്നതിനെക്കുറിച്ച് വി. പത്രോസ് ശ്ലീഹാ ഇപ്രകാരമാണ് ഉപദേശിച്ചത്: ‘നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍. അതു നിര്ബചന്ധമൂലമായിരിക്കരുത്. ദൈവത്തെ പ്രതി സന്മാനസോടെ ആയിരിക്കണം. ലാഭേച്ഛയോടെ ആയിരിക്കരുത്. തീക്ഷ്ണതയോടെ ആയിരിക്കണം. അജഗണത്തിനുമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്. സന്മാതൃക നല്കിി കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്ക്കുപലഭിക്കും.” (1. പത്രോ. 5:2-4). ക്രിസ്തു സ്ഥാപിച്ച തിരുസഭയില്‍ മെത്രാന്‍ എപ്രകാരം സേവന ശുശ്രൂഷ ചെയ്യണമെന്ന് മാര്ക്കോ സ് 10:43-45 ല്‍ എഴുതിട്ടുണ്ട്: ‘നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്ക്കുശവേണ്ടി മോചന ദ്രവ്യമായി നൽകാനുമത്രേ. ‘ ഹയരാര്ക്കിവ ദൈവിക നിയമത്താല്‍ സ്ഥാപിതമായതെന്നും അപ്പസ്‌തോലന്മാരുടെ പിന്ഗാരമികളായ ബിഷപ്പുമാര്‍ അതുമായി ബന്ധപ്പെട്ടവരാണെന്നും ത്രെന്തോസ് കൗണ്സിബല്‍ പഠിപ്പിക്കുന്നു. മെത്രാന്‍ പദവി ക്രിസ്തുവില്‍ സ്ഥാപിതമായതാണെന്നും ഔദ്യോഗികാധികാരമാണ് തിരുസഭയില്‍ മെത്രാന്മാര്ക്കു ള്ളതെന്നും ഒന്നാം വത്തിക്കാന്‍ കൗണ്സിതല്‍ പഠിപ്പിച്ചു. ബിഷപ്പുമാര്‍ അപ്പസ്‌തോലന്മാരുടെ പിന്ഗാ്മികളാണ്. ഔദ്യോഗികാധികാരമാണ് അവര്ക്കു ള്ളത്. അവരുടെ അധികാരം അപ്പസ്‌തോലന്മാരില്‍ നിന്നും പരമ്പരാഗതമായി അവര്ക്ക്ഷ ലഭിച്ചിട്ടുള്ളതാണ്.” എന്നാണ് ലെയോ 13-ാമന്‍ പാപ്പ ‘ഡാത്തീസ് കൊഞ്ഞീത്തും ‘ എന്ന ചാക്രിക ലേഖനത്തില്‍ എഴുതിയത്. പത്രോസ് തന്റെ പിന്ഗാ മികളില്‍ എന്നും ജീവിക്കുകയും ഭരണം നടത്തുകയും ചെയ്യുന്നു’ എന്നാണ് 1-ാം സെലസ്റ്റിന്‍ പാപ്പ പറഞ്ഞത്. ‘പാപ്പയ്ക്ക് ഭരണാധികാരം ദൈവം നേരിട്ടുനല്കുണന്നു. ബിഷപ്പുമാര്ക്കാകകട്ടെ അവിടുന്ന് അത് പത്രോസിന്റെ പിന്ഗാചമികള്‍ വഴി നല്കുകന്നു” എന്നാണ് 12-ാം പീയൂസ് പാപ്പ ‘ആദ് സീനാരും ജെന്തം’ എന്ന ചാക്രിക ലേഖനത്തില്‍ രേഖപ്പെടുത്തിയത്. ക്രിസ്തു സ്ഥാപിച്ച തിരുസഭയില്‍ ഏറെ പ്രധാനപ്പെട്ട ശുശ്രൂഷയായ മെത്രാന്‍ സ്ഥാനത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയില്‍ പ്രത്യേകമായി പറഞ്ഞത് ഇപ്രകാരമാണ്: ‘ദൈവിക നിശ്ചയത്താല്‍ തന്നെ സഭയുടെ ഇടയന്മാരെന്ന നിലയില്‍ അപ്പസ്‌തോലന്മാരുടെ പിന്ഗാമികളാണ് ബിഷപ്പുമാര്‍.’ അപ്പസ്‌തോലന്മാരുടെ പിന്ഗാമികളായ ബിഷപ്പുമാരിലൂടെയാണ് സഭയില്‍ അപ്പസ്‌തോലിക പാരമ്പര്യവും ദൗത്യവും തുടരുന്നത്. പൗരോഹിത്യപദവിയുടെ പൂര്ണതയാണ് മെത്രാന്പട്ടം എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്സില്‍ പഠിപ്പിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്സില്‍ തിരുസഭയെ സംബന്ധിച്ച ഭാഗത്ത് 18-ാം ഖണ്ഡിക ഇപ്രകാരമാണ്: ‘ക്രിസ്തുവിന്റെ വികാരിയും സർവത്രീകസഭയുടെ ദൃശ്യതലവനുമായ പത്രോസിന്റെ പിന്ഗാമിയോടൊത്ത് സജീവനായ ദൈവത്തിന്റെ ഭനത്തിന്മേല്‍ ഭരണം നടത്തുന്ന അപ്പസ്‌തോലന്മാരുടെ പിന്ഗാമികളാണ് ബിഷപ്പുമാര്‍.” പൗരോഹിത്യ പൂര്ണതയും അപ്പസ്‌തോലിക പിന്തുടര്ച്ചയും ലഭിച്ചിരിക്കുന്ന ബിഷപ്പുമാര്‍ വഴിയാണ് ദിവ്യരക്ഷകന്‍ വിശ്വാസി സമൂഹത്തില്‍ സന്നിഹിതനായിരിക്കുന്നത്. മെത്രാന്മാര്‍ വഴിയാണ് യേശുനാഥന്‍ തിരുവചനം ആഘോഷിക്കുന്നതും അനുഗ്രഹത്തിന്റെ വഴികളായ കൂദാശകള്‍ നിരന്തരം പരികര്മ്മം ചെയ്യുന്നതും. അതുകൊണ്ട് മെത്രാന്‍ സ്ഥാനം ഒരു കൂദാശയാണ്.
വിശ്വാസി സമൂഹത്തെ പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക – എന്നവിയാണ് ഒരു രൂപതാധ്യക്ഷന്റെ പ്രധാന ദൗത്യങ്ങള്‍. വി. ഗ്രന്ഥം, സഭാപാരമ്പര്യം, സഭാ പിതാക്കന്മാരുടെ പഠനം, കൗണ്സിലുകള്‍, തിരുവെഴുത്തുകള്‍ – എന്നിവയെ കുറിച്ചാണ് മെത്രാന്‍ പ്രബോധനം നല്കേണ്ടത്. പാഷണ്ഡതകള്ക്കും അബദ്ധപഠനങ്ങള്ക്കുമെതിരെ കടുത്ത ജാഗ്രത പാലിക്കേണ്ടത് മെത്രാന്റെ പ്രധാന കടമയാണ്. ശുശ്രൂഷിക്കപ്പെടുന്നതിനേക്കാൾ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുക, നല്ല ഇടയനെപ്പോലെ സ്വന്തം ആടുകള്ക്കുവേണ്ടി ജീവന്‍ ബലിയര്പ്പിക്കാൻ സന്നദ്ധനാവുക, മനുഷ്യരില്‍ നിന്ന് എടുക്കപ്പെട്ടവനും സ്വയം ബലഹീനനുമാകയാല്‍ അജ്ഞരോടും അപരാധികളോടും സഹതാപം പ്രകടിപ്പിക്കുക, ഭരണീയരെ ശ്രവിക്കാനുള്ള സന്മനസ്സുണ്ടാവുക – എന്നിവയാണ് ഒരു മെത്രാന് ഉണ്ടായിരിക്കേണ്ട മനോഭാവങ്ങളായി രണ്ടാം വത്തിക്കാന്‍ കൗണ്സിലിൽ തിരുസഭ – 27 ലൂടെ വ്യക്തമാക്കുന്നത്. ‘വിശുദ്ധനായ ബിഷപ്പിനെ പന്തുടരാന്‍ വിശുദ്ധനായ വൈദികഗണമുണ്ടായിരിക്കും. വൈദികരുടെ വിശുദ്ധിയോ, സമസ്ത രൂപതയുടെയും ആദ്ധ്യാത്മിക പൂര്ണനത കൈവരുത്തും’ എന്നാണ് വി. ജോണ്‍ 23-ാമന്‍ പാപ്പ എഴുതിയത്. ‘നല്ല ബിഷപ്പ് പിതാവിന്റെയും ക്രിസ്തുവിന്റെയും പ്രതിരൂപമായിരിക്കും’ എന്നാണ് വി. പോള്‍ 6-ാമന്‍ പാപ്പ പറഞ്ഞത്. ‘ഓരോ രൂപതയിലും ബിഷപ്പിനെ കേന്ദ്രീകരിച്ചുള്ള ആരാധനക്രമ ജീവിതം എല്ലാവരും വളരെ കാര്യമായി കരുതണം. കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രത്യേകിച്ചും സഭയുടെ സ്വഭാവം ഏറ്റവും വ്യക്തമായി വെളിവാക്കപ്പെടുന്നത് മെത്രാന്‍ തന്റെ വൈദികഗണത്തോടും മറ്റ് ശുശ്രൂഷകളോടും കൂടെ ആരാധന ക്രമത്തില്‍ പ്രത്യേകിച്ച് ഒരേ അൾത്താരയിൽ ബലിയര്പ്പണത്തിൽ ഐക്യപ്പെട്ടിരിക്കുമ്പോഴാണ്.’ എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ ആരാധനാക്രമം 41- ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മെത്രാഭിഷേക കര്മ്മത്തില്‍ നവഭിഷേക ബിഷപ്പിന് സുവിശേഷഗ്രന്ഥം നല്കിക്കൊണ്ട് മുഖ്യകാര്മികന്‍ പറയുന്നത് ‘സുവിശേഷം സ്വീകരിച്ചാലും, തികഞ്ഞ ക്ഷമയോടും തത്വദീക്ഷയോടും കൂടി അങ്ങ് ദൈവവചനം പ്രഘോഷിക്കുക’ എന്നാണ്. ബിഷപ്പുമാര്‍ ധരിക്കുന്ന ചുവന്ന തൊപ്പി ‘സുക്കേത്തോ’ അഥവാ ‘സ്‌കാര്‍ ക്യാപ്’ എന്നാണ് അറിയപ്പെടുന്നത്. ഇത് ദൈവസംരക്ഷണത്തിന്റെ അടയാളവും രക്ഷയുടെ പടത്തൊപ്പിയുമാണ്. മെത്രാന്മാര്‍ ധരിക്കുന്ന ബിറെറ്റ എന്ന ചതുരാകൃതിയിലുള്ള തൊപ്പി അവര്‍ സഭയിലെ വിജ്ഞാനികളായ പണ്ഡിതരാണെന്നതിനെ സൂചിപ്പിക്കുന്നു. ഈ തൊപ്പി കൗണ്സിലുകളിലും കോണ്ക്ലേവുകളിലും സംബന്ധിക്കുമ്പോഴാണ് മെത്രാന്മാര്‍ ധരിക്കുന്നത്. ആരധനാക്രമ മദ്ധ്യേ ബിഷപ്പുമാര്‍ ഉപയോഗിക്കുന്ന മൈറ്റര്‍ എന്ന തൊപ്പി ബലിയര്പ്പണമദ്ധ്യേ ഉപയോഗിക്കാറില്ല. പഴയ നിയമത്തിലെ പുരോഹിതര്‍ ഉപയോഗിച്ചിരുന്ന തൊപ്പിയുടെ മാതൃകയിലുള്ള ഇത് പ്രവാചകരുടെയും പുരോഹിതരുടെയും അജപാലനത്തിന്റെയും അടയാളമാണ്. മെത്രാഭിഷേക കര്മത്തില്‍ മെത്രാന് അംശമുടി ധരിപ്പിച്ചുകൊണ്ട് മുഖ്യകാര്മികന്‍ ഇപ്രകാരമാണ് പറയുന്നത്: ‘ഈ അംശമുടി സ്വീകരിച്ചാലും, വിശുദ്ധിയുടെ വെളിച്ചം അങ്ങയില്‍ പ്രശോഭിക്കട്ടെ. നിത്യ ഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ അവിടുന്നില്‍ നിന്ന് അനശ്വര മഹത്വത്തിന്റെ കിരീടം സ്വീകരിക്കുന്നതിന് അങ്ങ് അര്ഹനാകട്ടെ.’ അംശവടി അഥവാ അജപാലന ദണ്ഡ് നല്കിക്കൊണ്ട് ഇപ്രകാരമാണ് പറയുന്നത്: ‘ജനപാലനാധികാരത്തിന്റെ ചിഹ്നമായ ഈ ദണ്ഡ് സ്വീകരിച്ചാലും മെത്രാനെന്ന നിലയില്‍ ഭരിക്കുവാനായി പരിശുദ്ധാത്മാവ് അങ്ങയെ ഏല്പ്പിച്ചിട്ടുള്ള തിരുസഭയിലെ ജനസമൂഹത്തെ അങ്ങ് കാത്തുസൂക്ഷിക്കുകയും ചെയുക ” നല്ലിടയനായ ക്രിസ്തുവിനെപ്പോലെ വിശ്വാസിസമൂഹത്തെ വഴിനടത്തുന്ന ഇടയന്മാരാണ് ബിഷപ്പുമാർ എന്നതിനെ സൂചിപ്പിക്കുന്ന അംശവടി സ്വന്തം രൂപതയിൽ മാത്രമേ മെത്രാന്മാർ ഉപയോഗിക്കാറുള്ളൂ. മെത്രാനെ അണിയിക്കുന്ന കുരിശുമാല ക്രിസ്തുവിന്റെ പ്രതിപുരുഷനായ പുരോഹിതൻ അവിടുത്തെ കുരിശു വഹിക്കുന്നവനാണ് എന്നതിനെ സൂചിപ്പിക്കുന്നു. മെത്രന്മാർ ധരിക്കുന്ന ഔദ്യോഗിക മോതിരം തങ്ങളുടെ ദൗത്യങ്ങളോടും ക്രിസ്തുവിനോടും തിരുസഭയോടുമുള്ള വിശ്വസ്തതയുടെ അടയാളമാണ്. മോതിരം അണിയിച്ചുകൊണ്ട് മുഖ്യകാർമ്മികൻ ഇപ്രകാരമാണ് പറയുന്നത് : “വിശ്വാസത്തിന്റെ മുദ്രയായ മോതിരം അങ്ങു സ്വീകരിച്ചാലും, ദൈവവധുവായ തിരുസഭയെ പരമവിശ്വസ്തതയോടെ, അതിനിർമ്മലയായി കാത്തുസൂക്ഷിക്കുക”.സന്നദ്ധതയുടെയും തയ്യാറെടുപ്പിന്റെയും അടയാളമായി മെത്രാന്മാർ ധരിക്കുന്ന ചുവന്ന അരപ്പട്ട വിശ്വാസികൾക്കു വേണ്ടി സദാസന്നദ്ധനും രക്തസാക്ഷിത്വത്തിന് തയ്യാറാണുമെന്നതിനെ സൂചിപ്പിക്കുന്നു.
പല രൂപതകൾ ഉൾപ്പെടുന്ന പ്രോവിൻസായ അതിരൂപതയുടെ അധ്യക്ഷനാണ് ആർച്ച് ബിഷപ്പ്. പ്രധാനപട്ടണം എന്നർത്ഥം വരുന്ന ‘മെട്രാപ്പോലിസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് മെത്രാപ്പോലീത്ത അഥവാ ആർച്ച് ബിഷപ്പ് എന്ന പദമുണ്ടായത്. ഒരു പ്രധാന പട്ടണത്തിന്റെ മേൽ അധികാരമുള്ള മെത്രാനെയാണ് ആർച്ച് ബിഷപ്പ് എന്ന് വിളിക്കുന്നത്. സഭയിലെ ഒരു പ്രോവിൻസിന്റെയോ അതിരൂപതയുടെയോ മേലധ്യക്ഷനെയാണ് ആർച്ച് ബിഷപ്പ് എന്ന് വിളിക്കുന്നത്. പ്രോവിൻഷ്യൽ സിനഡുകൾ നടത്തുക, സഫർഗർ രൂപതകൾ സന്ദർശിക്കുക, പോപ്പിന്റെ സന്ദേശം മെത്രാന്മാരെ അറിയിക്കുക – തുടങ്ങിയ ആർച്ച് ബിഷപിന്റെ പ്രധാന ദൗത്യങ്ങളിൽ ചിലതാണ്. പൗരാണികമായ കൊല്ലം-കൊച്ചി രൂപതകളുടെ ഭാഗങ്ങൾ ഉൾകൊള്ളുന്ന 1937-ൽ സ്ഥാപിതമായ തിരുവനന്തപുരം അതിരൂപതയുടെ അഞ്ചാമത്തെ ഇടയനായും രണ്ടാമത്തെ ആർച്ച് ബിഷപ്പായും നിയമിക്കപ്പെട്ടിരിക്കുന്ന അഭിവന്ദ്യ തോമസ്.ജെ.നെറ്റോ പിതാവിന്റെ മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും അജപാലന ശുശ്രൂഷയ്ക്കും പ്രാർത്ഥന ആശംസകൾ…