എൻറെ ഇടവകാംഗവും സുഹൃത്തുമായ മോൺ.തോമസ്.ജെ.നെറ്റോയെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ദൈവം തിരഞ്ഞെടുത്തതിൽ പുതിയതുറ ഇടവകയോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു. നെറ്റോ അച്ചൻ സെമിനാരി കാലഘട്ടം മുതൽ എനിക്ക് സുപരിചിതനാണ്. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ അദ്ദേഹം വൈദികനാകും എന്നത് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പൗരോഹിത്യമാണ് തനിക്ക് യോജിച്ച കർമ്മമേഖലയെന്നത് ചുരുങ്ങിയ നാളുകൾക്കുള്ളിൽ അദ്ദേഹം തെളിയിച്ചു. ലളിതവും ഹൃദ്യവുമായ രീതിയിൽ വചനം വിചിന്തനം ചെയുന്നതിൽ ദൈവം അദ്ദേഹത്തിന് നൽകിയ കഴിവ് വലിയ ഒരു അനുഗ്രഹമായി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം തികഞ്ഞ ഒരു ഫുട്ബോൾ പ്രേമിയാണ്. വൈദികനായ ശേഷവും നാട്ടിലെ പല ഫുട്ബോൾ ടൂർണമെന്റുകളിലും അദ്ദേഹം പങ്കാളിയായി, തിരക്കിൽ അലിഞ്ഞ് മത്സരങ്ങൾ ആസ്വദിച്ച് നിൽക്കുന്ന ചിത്രം സാധാരണമായിരുന്നു. അതുകൊണ്ടായിരിക്കാം പിൽക്കാലത്ത്, അതിരൂപതയുടെ കീഴിൽ ഒരു ഫുട്ബാൾ അക്കാദമി ആരംഭിച്ചപ്പോൾ അതിൻറെ അമരത്ത് മറ്റാരേക്കാളും യോഗ്യൻ അദ്ദേഹമാണെന്ന് അതിരൂപത തിരിച്ചറിയുകയും അദ്ദേഹത്തെ ഡയറക്ടർ ചുമതല ഏൽപ്പിച്ചതും. ഇടവേളകളിൽ കഴിയുന്നതും എല്ലാവരുമായി നല്ല സൗഹൃദം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സെമിനാരി ജീവിതത്തിനിടയിൽ അവധിക്ക് നാട്ടിൽ വരുമ്പോൾ അൾത്താര ബാലകരുമായുള്ള ഹൃദ്യമായ പെരുമാറ്റം, മറ്റ് സുഹൃത്തുക്കളുമായുള്ള ഇടപഴകൽ, ഇവയൊക്കെ അദ്ദേഹത്തിൻറെ പൗരോഹിത്യത്തിലേക്കുള്ള യാത്രക്ക് സഹായകരമായി എന്ന് വിശ്വസിക്കുന്നു.
അദ്ദേഹം സാധാരണക്കാർക്ക് വളരെയധികം പ്രാപ്യനായിരുന്നുവെന്നത് ഒരു വലിയസവിശേഷതയായി ഞാൻ കാണുന്നു. ഏറെ പ്രതേകിച്ച്, പുതിയതുറ ഇടവകയെ പ്രതിനിധീകരിച്ച ഒരു വൈദികൻ മാതൃകാപരമായി തൻറെ കാര്യം നിർവഹിക്കുന്നതിൽ ഞങ്ങൾ ഓരോരുത്തരും അഭിമാനം കൊള്ളുന്നു. വിവാദങ്ങളിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറാൻ അദ്ദേഹത്തിന് സാധിക്കുന്നതും നല്ല സവിശേഷതയാണ്. സുഹൃത്തുക്കളൊരുമിച്ചുള്ള സംഭാഷണങ്ങൾ സരസമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിക്കുന്നത് അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ നൈർമല്യതയായി ഞാൻ കാണുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുവാനുള്ള അദ്ദേഹത്തിൻറെ കഴിവ് അപാരമാണ്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയവിചാരങ്ങൾ അറിയുന്ന കർത്താവിൻറെ പദ്ധതികൾ കുറ്റമറ്റതാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അദ്ദേഹത്തിന് ലഭിച്ച ഈ വലിയ പദവിക്ക് അദ്ദേഹം തികച്ചും യോഗ്യനാണെന് വിശ്വസിക്കുന്നതോടൊപ്പം അദ്ദേഹത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കാൻ തീരുമാനിച്ചു എന്നതിൽ അതിയായി സന്തോഷിക്കുകയും ദൈവത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയുന്നു. സാധാരണക്കാരിൽ ഒരുവനായി , സാധാരണക്കാരോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിക്കുന്ന, സാധാരണക്കാരുടെ അഗ്രഹാഭിലാഷങ്ങൾ അറിയാൻ കഴിയുന്ന അദ്ദേഹത്തിന് വിശ്വാസപരമായി വളരെയേറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസ സമൂഹത്തെ തൻറെ പ്രത്യേക നൈപുണ്യത്താലും ദൈവാനുഗ്രഹത്താലും ശക്തമായ രീതിയിൽ നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും സുഹൃത്ത് എന്ന നിലയിൽ എൻറെ എല്ലാവിധ ആശംസകളും ഈ അവസരത്തിൽ അദ്ദേഹത്തിന് നേരുകയും ചെയുന്നു.