തൂത്തൂര്‍: തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂര്‍ ഫൊറോനയില്‍ ബി.സി.സി. – ശുശ്രൂഷാ സമിതികള്‍ക്കുവേണ്ടിയുള്ള മാര്‍ഗ്ഗരേഖയുടെ തമിഴ് വിവര്‍ത്തനം പ്രകാശനം ചെയ്തു. ജനുവരി 21-ാം തീയതി തൂത്തൂര്‍ സെന്‍റ്. ജൂഡ് ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ഫൊറോന ബിസിസി സംഗമ സമ്മേളന വേദിയിലായിരുന്നു പ്രകാശനകർമ്മം. ഫൊറോന വികാരി ഫാ. ബേബിന്‍സന്‍ മാര്‍ഗ്ഗരേഖയുടെ ആദ്യപതിപ്പ് അല്മായ ശുശ്രൂഷാ ഡയറക്ടര്‍ റവ. ഡോ. മൈക്കള്‍ തോമസിന് കൈമാറി.
2024-ല്‍ നടക്കുവാനിരിക്കുന്ന പുതിയ നേതൃത്വത്തിന്‍റെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ഫൊറോനതലത്തില്‍ നടത്താറുള്ള ശുശ്രൂഷാ സമിതി അംഗങ്ങള്‍ക്കായുള്ള പരിശീലന പരിപാടികള്‍ക്ക് പ്രസ്തുത മാര്‍ഗ്ഗരേഖ ഉപകാരപ്രദമായിരിക്കും. മാര്‍ഗ്ഗരേഖയുടെ തമിഴ് വിവര്‍ത്തനം യാഥാർത്ഥ്യമാക്കിയ ഫൊറോന ബിസിസി വൈദിക കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിബു ജാജിനെ ഫൊറോന വികാരി പ്രത്യേകം അഭിനന്ദിച്ചു.