തിരുവനന്തപുരം: ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായഹസ്തവുമായി ലയോള സ്കൂളിലെ വിദ്യാർത്ഥികൾ. തിരുവനന്തപുരത്തെ വിവിധ സ്കൂളുകളും ഇടവകകളും കേന്ദ്രീകരിച്ച് 7 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. 2023 സെപ്തംബർ 10 ഞായറാഴ്ച വിൻസന്റ് ഡി പോൾ വഞ്ചിയൂർ മേരി ഇമ്മാക്കുലേറ്റ് കോൺഫറൻസുമായി സഹകരിച്ചാണ് മാതൃകാപരമായ ഈ പ്രവർത്തനം നടന്നത്.
പഠനത്തോടൊപ്പം പൊതുസമൂഹത്തെ അറിയുക, ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് തുണയാവുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പാഠങ്ങളും കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്നും സാമ്പത്തികസ്വരൂപണം നടത്തി ഈ കാരുണ്യപ്രവർത്തി ലയോള സ്കൂൾ മാനേജ്മെന്റും പി.റ്റി. എ. യും നടത്തിയത്. ഏല്ലാവർഷവും ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ ലയോള സ്കൂൾ നടത്തി വരുന്നു.
സെന്റ്. ജോസഫ്സ് സ്കൂൾ, വലിയതുറ ഇടവക, പൂന്തുറ സ്കൂൾ, ആഴാകുളം ഇടവക, ഒസാനം കാരുണ്യ ഭവൻ, അഞ്ചുതെങ്ങ് ഇടവക എന്നിവടങ്ങളിലാണ് 550ഓളം ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. പദ്ധതിക്ക് സാമ്പത്തികം കണ്ടെത്തിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വിൻസന്റ് ഡി. പോൾ അംഗങ്ങളും സംയുക്തമായാണ് വിവിധ സെന്ററുകളിൽ കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയത്.