കൊച്ചി: ഇതുവരെ കേരളം അഭിമുഖീകരിക്കാത്തൊരു വെല്ലുവിളിയിലാണ് നമ്മുടെ തീരമേഖല. കടല്ക്ഷോഭം അടക്കമുള്ള വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന തീരദേശത്തെ സങ്കീർണ്ണമായ പുതിയൊരു ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കഴിഞ്ഞദിവസത്തെ കപ്പലപകടം. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട എം എസ് സി എൽസ 3 എന്ന ഫീഡർ കപ്പൽ കേരളതീരത്ത് രാസവസ്തുക്കളും ഓയിലുകളുമടങ്ങിയ 623 കണ്ടെയിനറുകളുമായാണ് മുങ്ങിയത്.
അപകടത്തിൽപെട്ട ചരക്കു കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയിൽ മത്സ്യമേഖല കടുത്ത ആശങ്കയിൽ. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയിൽ ആഘാതമുണ്ടാക്കുമെന്നും ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നുള്ള സാധനങ്ങൾ വെള്ളത്തിൽ കലരുന്ന സാഹചര്യമുണ്ടായാൽ അപകട സാധ്യത ഏറും. സമുദ്ര പരിസ്ഥിതിയിലും മത്സ്യ മേഖലയിലും എണ്ണച്ചോർച്ച മൂലമുള്ള അടിയന്തര ആഘാതവും ദീർഘകാല ആഘാതവും വേറിട്ടു തന്നെ പഠന വിധേയമാക്കണം. എണ്ണപ്പാട പരക്കുന്നതു മത്സ്യം ഉൾപ്പെടെ അതിലോല സമുദ്രജീവികളെ പെട്ടെന്നു ബാധിക്കും.
മെച്ചപ്പെട്ട വേനൽമഴ കിട്ടുകയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതോടെ ഈ വർഷം മികച്ച മത്സ്യസമ്പത്ത് പ്രതീക്ഷിച്ചിരുന്നു. ഈ കാലാവസ്ഥയിൽ ചെറിയ ഉപരിതല മത്സ്യങ്ങളും തീരത്തോടു ചേർന്നു കാണപ്പെടുന്ന മീനുകളും സജീവമാകുകയും പ്രത്യുൽപാദനം ഏറുകയും ചെയ്യുന്നതാണ്. മഴയാരംഭത്തിൽ പോഷക സമ്പുഷ്ടമായ എക്കൽ കടലിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യസമ്പത്തിന് അനുകൂലഘടകമാണ്. ഈ സമയത്തുണ്ടാകുന്ന എണ്ണച്ചോർച്ച മത്സ്യസമ്പത്തിനെയും മത്സ്യ ബന്ധനത്തെയും ബാധിക്കും. എണ്ണ കാണപ്പെടുന്നതിന്റെ തോതനുസരിച്ച് മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരുമെന്ന് ഇതിനകം മത്സ്യത്തൊഴിലാളികൾക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു.
കടലിലെ ഇത്തരം അപകടങ്ങൾ ഒരു ‘സൈലന്റ് സൂനാമി’ സൃഷ്ടിക്കും. അതിന്റെ ആഘാതം ദീർഘകാലത്തേക്കു നീണ്ടുനിൽക്കും. കടലിൽ പരക്കുന്ന വസ്തുക്കൾ പല രീതിയിൽ നമ്മുടെ ഭക്ഷ്യശൃംഖലയിൽ എത്തിച്ചേരാമെന്നതു വലിയ വെല്ലുവിളിയാണ്. കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കൾ കടലിലെ ജീവജാലങ്ങൾ ഭക്ഷിക്കും. ഞണ്ട്, കൊഞ്ച് ഉൾപ്പെടെ പുറംതോടുള്ള മത്സ്യങ്ങളിൽ അതു പറ്റിപ്പിടിക്കും. ഭക്ഷണത്തിലൂടെ അതു നമ്മിലേക്ക് എത്താം. കടലിൽ വീണ കണ്ടെയ്നറുകളിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളതെന്നു നമുക്കറിയില്ല. എപ്പോൾ വേണമെങ്കിലും ഈ വസ്തുക്കൾ പുറത്തുവരാമെന്നതിനാൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതു ദോഷമാണ്. കടലിൽ പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിലും മീൻപിടിത്ത ബോട്ടുകളിലും വന്നിടിച്ച് അപകടമുണ്ടാകാം.
കപ്പലിലെ എണ്ണച്ചോർച്ചയും കണ്ടെയ്നറുകളിലെ രാസപദാർഥങ്ങളാകും വലിയ വിപത്തു വരുത്തിവയ്ക്കുക. കാലവർഷമായതിനാൽ ശക്തമായ തിരകളും കാറ്റും കാരണം എണ്ണ കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കുന്ന സ്ഥിതിയാണ്. കണ്ടെയ്നറുകളിൽ ചോർച്ചയുണ്ടായാൽ കണ്ടെയ്നറുകൾ വെള്ളത്തിൽ താഴും. അങ്ങനെ വന്നാൽ വ്യാപകവിപത്താകും ഉണ്ടാകുക. രാസപദാർഥങ്ങൾ വെള്ളത്തിൽ കലരുന്നതോടെ മത്സ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും നാശനഷ്ടമുണ്ടാകും. കണ്ടെയ്നർ സമുദ്രത്തിന്റെ അടിത്തട്ടിൽ പതിക്കുമ്പോൾ അവിടത്തെ ഫലഭൂയിഷ്ഠമായ മണലും നഷ്ടപ്പെടും. സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു മീറ്റർ ആഴത്തിലാണു ഫലഭൂയിഷ്ഠമായ മണലുള്ളത്.
ലോലമായ പാരിസ്ഥിതിക സമുദ്ര ആവാസവ്യവസ്ഥയാണു കേരളതീരത്തുള്ളത്. ഡീസൽ, ഫർണസ് ഓയിൽ, കാൽസ്യം കാർബൈഡ് എന്നിവയുടെ ചോർച്ച മൂലമുണ്ടാകുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളും തീപിടിത്ത സാധ്യതയും ഈ സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. വലിയതോതിൽ എണ്ണ കടൽവെള്ളത്തിൽ കലർന്നാൽ മണിക്കൂറുകൾക്കുള്ളിൽ അതു പാളിയായി പടരും. ഈ പാളി സൂര്യപ്രകാശം വെള്ളത്തിലേക്കു കടക്കുന്നതു തടയുകയും സൂക്ഷ്മജീവികളുടെ പ്രകാശ സംശ്ലേഷണത്തെ ബാധിക്കുകയും ചെയ്യും. പ്രകാശ സംശ്ലേഷണം തടയപ്പെടുന്നത് സമുദ്ര ഭക്ഷ്യവലയത്തെയും തകർക്കും. കടൽപ്പക്ഷികളും ഭീഷണി നേരിടേണ്ടിവരും. മത്സ്യങ്ങൾക്കും ഇതേ പോലെ നാശവും പെരുമാറ്റ വ്യതിയാനങ്ങളും ഉണ്ടാകും. ചുരുക്കത്തിൽ ഈ അപകടത്തിന്റെ ഇരകൾ കടലും, തീരവും, കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുമാണ്. സമരമുഖങ്ങളിൽ തീരജനത ഉയർത്തിയ ആശങ്കകൾ യാഥാർത്ഥ്യമായിരിക്കുന്നു.