ന്യൂഡൽഹി: പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആരംഭിക്കുന്ന നാളെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ ). വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതിന് ക്രിസ്തുവിന്റെ യഥാർഥ ഇടയനും ജ്ഞാനിയും ധീരനുമായ ഒരു പാപ്പയെ ലഭിക്കാൻ സഭാ മക്കൾ പ്രാർത്ഥിക്കണമെന്നു വാർത്തക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം, നാളത്തെ ദിവ്യബലിയിൽ പാപ്പയുടെ തിരഞ്ഞേടുപ്പിനുവേണ്ടിയുള്ള പ്രാർഥനയുൾപ്പെടുത്തണമെന്ന സർക്കുലർ കെ.ആർ.എൽ.സി.ബി.സി ലിറ്റർജി കമ്മീഷൻ പുറപ്പെടുവിച്ചു. കമ്മീഷൻ ചെയർമാൻ ബിഷപ് ബിഷപ് ജസ്റ്റിൻ മഠത്തിൽപറമ്പിൽ പുറത്തിറക്കിയ സർക്കുലറിന്റെ പൂർണ്ണരൂപം:
ബഹുമാനപ്പെട്ട വൈദികരെ, സിസ്റ്റേഴ്സ്, അല്മായ സഹോദരങ്ങളെ, ഫ്രാൻസിസ് പാപ്പായുടെ ദീപ്തമായ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം! പത്രോസിന്റെ പിൻഗാമിയും ആഗോള കത്തോലിക്കാ സഭയുടെ തലവനുമായ പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള അത്യുന്നത കർദ്ദിനാൾമാരുടെ കോൺക്ലേവ് നാളെ ആരംഭിക്കുകയാണല്ലോ. ഈ പ്രത്യേക സന്ദർഭത്തിൽ തിരുസഭയ്ക്കു വേണ്ടിയും കോൺക്ലേവിൽ പങ്കെടുക്കുന്ന കർദ്ദിനാൾമാർക്കു വേണ്ടിയും പ്രാർത്ഥിക്കുക എന്നത് നമ്മുടെ കടമയാണ്. ആയതിനാൽ നാളെ, മെയ് 7 ബുധനാഴ്ച 2025, പാപ്പായുടെയും (മെത്രാൻ്റെയും) തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ദിവ്യബലി (റോമൻ മിസ്സാൾ, പേജ് 967, ആമുഖഗീതി പേജ് 1049) അർപ്പിച്ച് പ്രാർത്ഥിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് അറിയിക്കുന്നു.
