കോട്ടപ്പുറം: 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. സമരത്തിന്റെ ഇരുന്നൂറാം ദിവസം ലത്തീന്‍ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്തുന്ന വിധം വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കണം.
വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിസ്സംഗതയും അനാസ്ഥയും തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ സംസ്ഥാന നേതൃത്വം അറിയിച്ചു.
അതേസമയം വഖഫ് നിയമഭേദഗതി സംബന്ധിച്ച കേസ് മെയ് 3ന് കോടതി പരിഗണിക്കുമ്പോള്‍ നീതി കിട്ടുമോ എന്ന ആകാംക്ഷയിലാണ് മുനമ്പത്തെ അറുനൂറിലധികമുള്ള കുടുംബങ്ങള്‍. പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതി മുനമ്പം കാര്‍ക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ വ്യാപകമാകുകയും ഭേദഗതി തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തതാണ് ആശങ്കകള്‍ക്കു കാരണമായത്.