വലിയതുറ: കടലിൽ നിന്ന് മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പൂർണം. രാത്രി പന്ത്രണ്ടു വരെ മീൻപിടിത്തവും വിൽപ്പനയും ഉണ്ടാകില്ല. സംസ്ഥാന തീരദേശ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച തീരദേശ ഹർത്താലിന്റെ ഭാഗമായി വിഴിഞ്ഞത്തും, വലിയതുറയിലും, മരിയനാടിലും കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു. വിഴിഞ്ഞത്തെ പ്രതിഷേധ ധർണ്ണയ്ക്ക് മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മോൺ. യൂജിൻ എച്ച് പെരേര നേതൃത്വം നല്കി. വലിയതുറയിൽ ഫാ. ലൂസിയാൻ തോമസ് (റ്റി. എം.എഫ്) ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് നിന്നുകൊണ്ട് അടിയന്തരമായി പ്രമേയം പാസാക്കി ഖനനത്തിൽനിന്നും പിന്മാറാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനവും മത്സ്യവിപണനവും നടത്തുവാൻ പരമ്പരാഗതമായി ലഭിച്ച അവകാശം ഇല്ലാതാക്കി കടലിനെയും തീരത്തെയും കുത്തകകൾക്ക് അടിയറവ് വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്പ്പിക്കുമെന്നും അതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കടലിനെ സാക്ഷിയാക്കി മത്സ്യത്തൊഴിലാളികളും വിവിധ സംഘടന പ്രതിനിധികളും പ്രതിജ്ഞയെടുത്തു. ആന്റോ എലിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സോളമൻ വെട്ടുകാട്,പാട്രിക് മൈക്കിൾ , മാഗ്ളിൻ,ഹഡ്സൺ, കെന്നഡി ലൂയിസ്,ഹനീഫ് A.S, സിസ്റ്റർ മേഴ്സി മാത്യു, ബീമാപള്ളി നിസാം,ജ്യോതി ആൻഡ്രൂസ്,ടോം ഇഗ്നേഷ്യസ്,വെട്ടുകാട് ജോർജ്, ഗിൽഡ ജെയിംസ്, ലജിതാൾ,തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.


