വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം.
പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനകര്‍മം നിര്‍വഹിച്ചത്. 100 വൈദികരും 100 കന്യാസ്ത്രീമാരും ചേര്‍ന്നാണ് ഈ അന്തര്‍ദ്ദേശീയ സംഗീത ശില്പം ആലപിച്ചിരിക്കുന്നത്.