ഇംഫാൽ: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ചെക്ക്കോണ്‍ മേഖലയില്‍ വീടുകള്‍ക്ക് തീയിടുകയും, ക്വക്തയില്‍ വെടിവെപ്പ് ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാര്‍ക്ക് കൂടി സസ്പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സര്‍ക്കാരിനെ ബഹിഷ്ക്കരിക്കാന്‍ മെയ് തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി കുക്കി പീപ്പിള്‍സ് അലൈന്‍സ് അറിയിച്ചു. മണിപ്പൂരില്‍ കലാപം രൂക്ഷമായതോടെ, കേന്ദ്രം കഴിഞ്ഞ ദിവസം പത്ത് കമ്പനി കേന്ദ്ര സേനയെ കൂടുതലായി വിന്യസിച്ചിരുന്നു.