കൊച്ചെടത്വാ എന്നറിയപ്പെടുന്ന പ്രമുഖ തീര്‍ഥാടന കേന്ദ്രമായ പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തില്‍ 2022 ഏപ്രിൽ 29 മുതൽ 2022 മേയ് 08 വരെ നടക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ അവലോകന യോഗം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മാതൃ ഇടവക എന്ന നിലയിലും ഇനി സെന്റ് നിക്കൊളാസ് ദേവാലയം അറിയപ്പെടുമെന്നു മന്ത്രി പറഞ്ഞു. എം. വിന്‍സെന്റ് എംഎല്‍എ അധ്യക്ഷനായി.
തിരുനാള്‍ ദിനങ്ങളില്‍ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പൂവാര്‍, വിഴിഞ്ഞം, നെയ്യാറ്റിന്‍കര തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഡിപ്പോകളില്‍ നിന്നും ഇവിടേക്കും തിരിച്ചും സര്‍വീസുകളുണ്ടാകും. പൊഴിയൂര്‍ – അഞ്ചുതെങ്ങ് സര്‍വീസ് ആരംഭിച്ചു. പൂവാര്‍ – പുല്ലുവിള – കാഞ്ഞിരംകുളം – നെയ്യാറ്റിന്‍കര വരെയും പുതിയതുറ – ലൂര്‍ദുപുരം വഴി തിരുവനന്തപുരത്തേയ്‌ക്കും സര്‍വീസ് ആരംഭിക്കാനും തീരുമാനിച്ചു.
കൊടിയേറ്റു ദിനത്തിലും അവസാനത്തെ 3 ദിവസങ്ങളില്‍ കൂടുതല്‍ വനിതാ പൊലീസിനെ ഉള്‍പ്പെടെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയന്ത്രണം നടത്താനും ധാരണയായി. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ട് തുടങ്ങിയ വിഭാഗങ്ങള്‍ തിരുനാളിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ക്കും. എക്‌സൈസ് വിഭാഗം മയക്കു മരുന്നിനും അനധികൃത മദ്യക്കച്ചവടത്തിനും എതിരെ നടപടികള്‍ ഊര്‍ജിതമാക്കും. ഫയര്‍ ഫോഴ്‌സും സജീവമായി രംഗത്തുണ്ട്.
തിരുനാളിനു മെഡിക്കല്‍ ടീം സജ്ജമാക്കാനും ധാരണയായി. ആംബുലന്‍സ്, ഡോക്‌ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ ഉറപ്പു വരുത്തും. തദ്ദേശ സ്ഥാപനമാണ് ആതിഥേയരാകുന്നത്. സര്‍ക്കാരിന്റെ ഇതര വകുപ്പുകള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്ന ജനപ്രതിനിധികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കും.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മന്‍മോഹന്‍, ജില്ലാ പഞ്ചായത്തംഗം സി.കെ. വത്സലകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. സുനീഷ്, എല്‍. റാണി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് എം. ചിഞ്ചു, വൈസ് പ്രസിഡന്റ് മധു, ഇടവക വികാരി സജു റോള്‍ഡന്‍, സഹവികാരി ഫാ. കെ.സി. ബിജോയ്, സെക്രട്ടറി റോബിന്‍ ഫ്രാന്‍സിസ്, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ ജൂസ ക്രിസ്‌തുദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.