തിരുവനന്തപുരം : മോസ്റ്റ്. റെവ. ഡോ. തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആത്മീയ പിതാവായി സ്ഥാനമേറ്റു. ചെറുവെട്ടുകാട് സെന്റ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അനേകായിരങ്ങളെ സാക്ഷി നിർത്തിയാണ് രൂപത അധ്യക്ഷനായി സ്ഥാനമേറ്റത്.
മുൻ ആർച്ച് ബിഷപ്പും ഇപ്പോഴത്തെ അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. സൂസപാക്യം മെത്രാഭിഷേക തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ എന്നിവർ സഹ കാർമ്മികാരായി. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ സുവിശേഷ പ്രഘോഷണം നടത്തി. അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് ആർ പ്രസ്തുത തിരുകർമ്മങ്ങൾക്ക് ആമുഖ പ്രഭാഷണം നൽക്കി.
തിരുകർമ്മങ്ങൾക്ക് ശേഷം ഇന്ത്യയുടെ വത്തിക്കാൻ സ്ഥാനപതി മോസ്റ്റ്. റെവ. ലിയോപോൾഡോ ജിറേലി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക് ആശംസകൾ അറിയിക്കുകയും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇരുപതോളം വൈദികമേലധ്യക്ഷൻമാർ, രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖർ, ജനപ്രതിനിധികൾ, വൈദികർ, സന്യസ്തർ, രണ്ടായിരത്തിൽ പരം വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഇത് ആദ്യമായിട്ടാണ് ഒരേ സമയം മെത്രാഭിഷേകവും സ്ഥാനാരോഹണവും സംഭവിക്കുന്നത്.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ അനുമോദന ചടങ്ങുകൾ 20 മാർച്ച് വൈകുന്നേരം 4:30ന് തിരുവനന്തപുരം സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ ആത്മീയ-രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. സമർപ്പണ തിരുനാൾ ദിനമായ ഫെബ്രുവഴി 2 നാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി പ്രവൃത്തിക്കുമ്പോഴാണ് തോമസ് ജെ നെറ്റോയെ തേടി പുതിയ ദൗത്യം എത്തിയത്.