പൊഴിയൂർ: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിന് പരുത്തിയൂർ ഇടവകയിൽ തുടക്കമായി. ലഹരി ആപത്താണെന്നും ലഹരിയുടെ ഉപയോഗം നാട്ടിൽ നിന്നും തുടച്ചുനീക്കുന്നതിനുമായി രൂപീകരിച്ച ലഹരി വിരുദ്ധ സമിതിയുടെ പ്രവർത്തനം ഒക്ടോബർ 1 ഞായറാഴ്ച ആരംഭിച്ചു.
സമിതിയുടെ ഉദ്ഘാടനം പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് ശ്രീ. എസ്. കെ ബെൻ ഡാർവിൻ നിർവ്വഹിച്ചു. ലഹരിവിരുദ്ധ സമിതിയുടെ കോർഡിനേറ്റർ ഫാ. റോബിൽ ബാൾഡിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ശ്രീ. ലീൻ സ്വഗതം പറഞ്ഞു. വിമുക്തി മിഷൻ മാനേജറും അസ്സി. കമ്മിഷണറുമായ ശ്രീ. അജയ് കെ. ആർ മുഖ്യാഥിതിയായി സന്ദേശം നൽകി. തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ, പുല്ലുവിള ഫെറോന വികാരി ഫാ. സിൽവസ്റ്റർ കുരിശ്, പരുത്തിയൂർ ഇടവക വികാരി ഫാ. ജേക്കബ് സ്റ്റെല്ലസ്, പൊഴിയൂർ മുസ്ലീം ജുമാ അത്ത് പ്രതിനിധി ശ്രീ. മുഹമ്മദ് യാസീം വാഖഫി, ക്ഷേത്രസമിതി സെക്രട്ടറി ശ്രീ. രാജൻ വി. പൊഴിയൂർ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുധാർജ്ജുനൻ തുടങ്ങിയവരും തദ്ദേശഭരണ പ്രതിനിധികളും ആശംസകളർപ്പിച്ചു. ഇടവക സെക്രട്ടറി ശ്രീ. റ്റി. മര്യദാസൻ കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തിൽ ബീച്ചിൽ സ്ഥാപിക്കേണ്ട ലഹരി നിരോധന ബോർഡ് മുഖ്യാഥിതി അനാവരണം ചെയ്തു.
ലഹരി വിരുദ്ധ സമിതിയുടെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തി ഇടവക ജനങ്ങളും ജനപ്രതിനിധികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി സമ്മേളനം സമാപിച്ചു.