വെള്ളയമ്പലം: ആഗോള മിഷന്‍ മദ്ധ്യസ്ഥയായ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളാല്‍ ആരംഭിക്കുന്ന ഒക്ടോബര്‍ മാസത്തിലെ വളരെ പ്രധാനപ്പെട്ട ദിനമാണ് മിഷന്‍ ഞായര്‍. 1926-ല്‍ പയസ് പതിനൊന്നാം പാപ്പയാണ് ആഗോളമിഷന്‍ ഞായര്‍ ആഘോഷങ്ങള്‍ക്ക് സഭയില്‍ തുടക്കം കുറിച്ചത്. കത്തോലിക്കാ സഭയില്‍ മിഷന്‍ ചൈതന്യം ഉണര്‍ത്തിക്കൊണ്ട്, ലോകവ്യാപകമായി സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളെ ആത്മീയമായും, സാമ്പത്തികമായും സഹായിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മിഷന്‍ ഞായര്‍ ആചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 2023-ലെ മിഷന്‍ ഞായര്‍ നാം ആചരിക്കുന്നത് ഈ മാസം 22-ാം തീയതിയാണ്. മിഷന്‍ ഞായറുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും മിഷന്‍ സന്ദേശത്തിലൂടെ പാപ്പ ആഗോള സഭയോട് സംസാരിക്കാറുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എല്ലാ പുരുഷനും സ്ത്രീയും, ഈ ലോകത്തിലേക്ക് യേശുസാക്ഷ്യത്തിനായി അയയ്ക്കപ്പെട്ട മിഷനറിമാരാണ്.
ഇന്നത്തെ കേരളം വിദ്യാഭ്യാസമപരമായും ആരോഗ്യപരമായും ഉണ്ടായ പുരോഗതിയും ആത്മീയതയിലും ദൈവവിളിയിലും നാം നേടിയ വളർച്ചയുമൊക്കെ ഒരുകാലത്ത് നമുക്കിടയിൽ ഉണ്ടായിരുന്ന മിഷനറികളുടെ മിഷൻപ്രവർത്തനങ്ങളാണെന്ന് ഒരോ മിഷൻ ഞായറിലും സ്മരിക്കുന്നത് നന്നായിരിക്കും. ഇന്ന് കേരളത്തിൽ നിന്നും നിരവധിപേർ വിദേശങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്ന തരത്തിൽ ദൈവം നമ്മെ ഉയർത്തി. ഇതിന് നാം കടപ്പെട്ടിരിക്കുന്നതും നമുക്കിടയിൽ മിഷൻ പ്രവർത്തനം നടത്തി കടന്നുപോയ മിഷനറികളോടാണ്. ഓരോ മിഷൻ ഞായറും നമ്മുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മിഷനറികൾക്കും അവരുടെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമേകിയ ക്രിസ്തുവിനും നന്ദിയർപ്പിക്കൽ കൂടിയാണ്. മിഷൻ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കാളായ നാം ഈ വരുന്ന മിഷൻ ഞായർ നമ്മളാൽ കഴിയുന്നരീതിയിൽ സഹായങ്ങൾ നൽകി അർത്ഥപൂർണ്ണമായി അചരിക്കാം. ഇത് ഇരുളടഞ്ഞ ജീവിതങ്ങൾക്ക് വെളിച്ചം പകരും. ഒപ്പം ലോകം മുഴുവൻ മിഷൻ പ്രവർത്തനങ്ങളാൽ ക്രിസ്തു പകരുന്ന ശാശ്വതമായ സന്തോഷത്തിലേക്ക് കടന്നുവരാൻ പ്രാർത്ഥിക്കാം.