വെള്ളയമ്പലം: ഈ ലോകം പുരോഗതി കൈവരിക്കുന്നത് സ്ത്രീകളുടെ ശാക്തീകരണം യാഥാർത്ഥ്യമാകുമ്പോഴാണ്. ആയതിനാൽ തങ്ങളുടെ ജീവിതാനുഭവങ്ങളിൽ തളരാതെ സ്ത്രീകൾ ഉയിർത്തെഴുന്നേല്ക്കണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപൊലീത്ത പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളയമ്പലത്ത് സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷ പരിപാടിയിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു. അതിരൂപതയിലെ സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിൽ സാമൂഹ്യശുശ്രൂഷ വിലമതിക്കാനാകാത്ത പങ്കുവഹിക്കുന്നുണ്ട്. അതിന് തെളിവാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ സ്വയം സഹായ സംഘങ്ങളുടെ സംരഭങ്ങൾക്കായി 36 കോടി രൂപയുടെ വായ്പ വിവിധ ബാങ്കുകളുടെ സഹായത്തോടെ നൽകാനായത്. വനിതാ ദിനാചരണ ചടങ്ങുകൾക്ക് മുന്നോടിയായി നടന്ന സ്ത്രീകളുടെ ശിങ്കാരിമേളത്തെ മെത്രാപൊലീത്ത അഭിനന്ദിച്ചു. ഇൻഡ്യൻ പ്രസിഡന്റ് വനിതകൾക്കായി നൽകിയ സന്ദേശത്തിൽ പറയുന്നതുപോലെ “നമുക്ക് എല്ലാം കഴിയും”. ചടങ്ങിൽ ആശംസകൾ അർപ്പിക്കാനെത്തിയ ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇൻഡ്യ ഫസ്റ്റ് റണ്ണർ അപ്പ് കുമാരി ത്രേസ്യ ലൂയിസിനെയും ആർച്ച്ബിഷപ് ആഭിനന്ദിച്ചു.
വെള്ളയമ്പലം സെന്റ്. സേവ്യേഴ്സ് ഹാളിൽ സാമൂഹ്യ ശൂശ്രൂഷയുടെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണ ചടങ്ങുകൾക്ക് SHG ഫെഡറേഷൻ അതിരൂപത പ്രസിഡന്റ് ശ്രീമതി സുശീല ജോ ആധ്യക്ഷത വഹിച്ചു. SHG പാളയം ഫൊറോന പ്രസിഡന്റ് ശ്രീമതി ഡോളി ഫ്രാൻസിസ് സ്വാഗതമേകിയ സമ്മേളനം റെയിൽവേ അത്ലറ്റ് ശ്രീമതി ലത നിക്കോളാസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ആദരിച്ചു. പ്രൊഫ. ഐറിസ് കൊയ്‌ലോ ‘സ്ത്രീ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കൽ“ എന്നവിഷയത്തെക്കുറിച്ച് സംസാരിച്ചു. സാമൂഹ്യശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് വനിതാദിന സന്ദേശം നല്കി.
ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ ശ്രീ. കിഷോർകുമാർ സ്വയംസഹായ സംഘങ്ങൾക്കുള്ള ലോണുകൾ വിതരണം ചെയ്തു. സീനിയ മാനേജർ ശ്രീ. അഞ്ചിത്ത് ഐ. എ സംരഭകരും ബാങ്കും എന്ന വിഷയത്തിൽ നടന്ന ക്ലാസിന് നേതൃത്വം നല്കി. അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി റാണി റാബി, കപ്പസിറ്റി ബിൽഡിംഗ് കോ-ഓർഡിനേറ്റർ ശ്രീമതി ലിജ സ്റ്റീഫൻ, കേരള സർവേ ഡിപ്പർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി പുഷ്പ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.