പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിസ്കാസ്റ്ററിയുടെ കാര്യനിർവഹണങ്ങളുടെ പുതിയ സെക്രട്ടറിയായി മാറോണിത്ത അന്തോണിയൻ സഭാ സമൂഹത്തിലെ അംഗമായ ഫാ. മിക്കൽ ജലാക്കിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഡിസ്കസ്റ്ററിയുടെ പുതിയ പ്രീഫെക്ട് ആയി മോൺ. ക്ലൗതിയോ ഗുജറോത്തിയെ നിയമിച്ചതിനു പിന്നാലെയാണ് സെക്രട്ടറിയായി ഫാ. മിക്കലിനെയും നിയമിക്കുന്നത്.
1966 ഓഗസ്റ്റ് 27ന് ലബനോനിലെ ബൗക്രിഹിൽ ജനിച്ച അദ്ദേഹം 1983 ഓഗസ്റ്റ് പതിനഞ്ചാം തീയതി ആദ്യ വ്രത വാഗ്ദാനം നടത്തുകയും, 1991 ഏപ്രിൽ 21ന് വൈദികനാവുകയും ചെയ്തു. 2000 മുതൽ 2008 വരെ പൗരസ്ത്യ സഭകളുടെ ഇതേ കാര്യാലയത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഭാവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം മധ്യപൂർവ്വ ദേശങ്ങളുടെ സഭ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും, ലെബനോനിലെ എക്യുമെനിക്കൽ കമ്മീഷന്റെ അംഗമായും സേവനം ചെയ്തിരുന്നു. 2017 മുതൽ ബാബ്ദയിലെ അന്തോണിയൽ സർവ്വകലാശാലയുടെ റെക്റ്ററായി സേവനം ചെയ്തു വരവേയാണ് ഈ പുതിയ ചുമതല കൂടി പാപ്പ അദ്ദേഹത്തെ ഏൽപ്പിക്കുന്നത്.