നാസികൾ കൊലപ്പെടുത്തിയ ജോസഫിൻ-വിക്ടോറിയ ഉൽമ എന്നീ ദമ്പതികളെയും ഏഴു മക്കളെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. പോളണ്ടിൽ, തങ്ങളുടെ വീട്ടിൽ ഒരു ജൂത കുടുംബത്തെ ഒളിപ്പിച്ചു എന്ന കുറ്റത്തിനാണ് നാസികൾ ഇവരെ കൊലപ്പെടുത്തിയത്. ഗർഭസ്ഥശിശു അടക്കം മുഴുവൻ കുടുംബത്തെയും സെപ്റ്റംബർ 10- ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് പ്രെസെമിസ്‌ക അതിരൂപത ഫെബ്രുവരി 14-ന് അറിയിച്ചു.
1944-ൽ ഉൽമ കുടുംബം വധിക്കപ്പെട്ട, തെക്ക് കിഴക്കൻ പോളണ്ടിലെ ഗ്രാമമായ മാർക്കോവയിൽ വച്ചാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള കത്തിക്കാൻ ഡിസ്‌കാസ്റ്ററിയുടെ പ്രീഫെക്ടറായ കർദിനാൾ മാർസെല്ലോ സെമാരാരോ അധ്യക്ഷത വഹിക്കും. ഡിസംബറിൽ ഒപ്പ് വച്ച ഉത്തരവിൽ ദമ്പതികളുടെയും മക്കളുടെയും രക്തസാക്ഷിത്വം ഫ്രാൻസിസ് പാപ്പ അംഗീകരിച്ചിരുന്നു.
1944 മാർച്ച് 24- ന്, തെക്കു കിഴക്കൻ പോളണ്ടിലെ മാർക്കോവ ഗ്രാമത്തിലെ ജോസഫിന്റെയും വിക്ടോറിയ ഉൽമയുടെയും വീട് നാസി പെട്രോളിങ് വളഞ്ഞു. ഇവരുടെ ഫാമിൽ അഭയംതേടി 8 ജൂതന്മാരെ അവർ കണ്ടെത്തി വധിച്ചു. ഏഴുമാസം ഗർഭിണിയായിരുന്ന വിക്ടോറിയയെയും ജോസഫിനെയും നാസി പോലീസ് കൊലപ്പെടുത്തി. കൊല്ലപ്പെട്ട മാതാപിതാക്കളെ കണ്ട് കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ നാസികൾ അവരെയും വെടിവച്ചു കൊന്നു. സ്റ്റാനിസ്ലാവ(8), ബാർബറ(7), വാഡിസ്ലാവ്(6), ഫ്രാൻസിസെക്(4), ആന്റണി(3), മരിയ(2) എന്നിവരാണ് അവർ.