കരുംകുളം: ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷയും ലൊയോള എക്സ്റ്റൻഷൻ സർവീസസിന്റെ DDI പദ്ധതിയും സംയുക്തമായി അമ്മമാർക്കുവേണ്ടി ശില്പശാല സംഘടിപ്പിച്ചു. കരുംകുളം ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ ശില്പശാല ഉദ്ഘാടനം ചെയ്തു. വിഷരഹിത ഭക്ഷണം, ആരോഗ്യം, സ്ത്രീശാക്തീകരണം, പ്രകൃതി സംരക്ഷണം, വിശ്വാസാധിഷ്ഠിത ജീവിതം എന്നിവയുടെ പ്രാധാന്യം എന്നിവ ശില്പശാലയിലെ വിഷയങ്ങളായിരുന്നു.
കുടുംബ ശുശ്രൂഷ തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ ഇടവക അമ്മമാരുടെ ഭവനനിർമിത ഉൽപ്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി സുശീല ജോൺ, വാർഡ് അംഗം സിനോറ, DDI പ്രതിനിധികളായ എൽസി, ആൻസി എന്നിവർ ആശംസകളർപ്പിച്ചു.
പരിപാടിയിൽ മത്സ്യ സംസ്കരണം, ഓർഗാനിക് കൃഷിരീതി, ഔഷധസസ്യ കൃഷി എന്നീ സംരംഭങ്ങൾ അവതരിപ്പിക്കുകയും, പ്രകൃതിസൗഹൃദവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് ഭവനനിർമിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും നടന്നു.
