ശംഖുമുഖം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരി വിരുദ്ധ മാസാചരണം (മുക്തി) ഉദ്ഘാടനം ചെയ്തു. ശംഖുമുഖം ബീച്ചിൽ വച്ച് നടന്ന പരിപാടിയിൽ വലിയതുറ ഫൊറോന വികാരി റവ. ഡോ. സാബാസ് ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർ ബി ബാലകൃഷ്ണൻ മുക്തി മാസാചരണം ഉദ്ഘാടനം ചെയ്തു. മുക്തി മാസാചരണ ബ്രോഷർ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് എക്സൈസ് കമ്മീഷണർക്ക് നൽകിക്കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ശംഖുമുഖം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അശോക് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും, ലഹരി വിരുദ്ധ അവബോധന ക്ലാസ് നയിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജ് സ്റ്റുഡൻസ്, വലിയതുറ ചൈൽഡ് പാർലമെൻറ് കുട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന കലാപരിപാടികൾ അരങ്ങേറി.