106- ാം വയസ്സിൽ വിടവാങ്ങിയത് ചരിത്രത്തിൽ പങ്കാളിയായ സമുദായംഗം
ഇഗ്‌നേഷ്യസ് തോമസ്
താൻ സാക്ഷ്യം വഹിച്ച ഒരുപാട് ചരിത്ര സംഭവങ്ങൾ ഓർമ്മത്തെറ്റ് കൂടാതെ മരണത്തിന് തൊട്ടുമുൻപുവരെ പങ്കുവെയ്ക്കാൻ കഴിഞ്ഞിരുന്ന മാത്യു പെരേരയെക്കുറിച്ചാണ് ഈ കുറിപ്പ്. ആ ചരിത്ര സംഭവങ്ങൾ കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു എന്നതുതന്നെയാണ് മാത്യു പെരേരയുടെ സവിശേഷതയും ഈ കുറിപ്പിന്റെ പ്രാധാന്യവും. മെയ് 16 നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
തിരുവനന്തപുരം പാളയം ഇടവകാംഗങ്ങളായ സർവദോൾ പെരേരയുടെയും ജെറിൽഡയുടെയും മകനായി ജനിച്ച മാത്യു തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലാണ് വിദ്യഭ്യാസം നടത്തിയത്. തുടർന്ന് തിരുവതാംകൂർ രാജ്യത്തെ ഉദ്യോഗസ്ഥനായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റവുമായി ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ് ട്രാവൻകൂർ യൂണിവേഴ്സിറ്റി ആരംഭിക്കാൻ ദിവാൻ സർ സി.പി.യെ ചുമതലപ്പെടുത്തി. അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശക്തമായി ഉണ്ടായി. ഇതിനെ മറികടക്കാൻ രാജാവ് യൂണിവേഴ്സിറ്റി പ്രവർത്തനങ്ങൾക്കായി നാലംഗസമിതിയെ നിയമിച്ചു.
തുടർന്നാണ് കഥാപുരുഷന്റ പ്രവേശം. സി.വി ചന്ദ്രശേഖരൻ ഡയറക്ടറായ നാലംഗസമിതി ടൈപ്പിസ്റ്റായി മാത്യു പെരേരയെ നിയമിച്ചു. വേഗത്തിൽ നീങ്ങിയ പ്രവർത്തനങ്ങൾ മൂലം 1937 നവംബർ ഒന്നിന് ട്രാവൻകൂർ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യപ്പെട്ടു. യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി ആൽബർട്ട് ഐൻസ്റ്റീനെ വിദേശത്ത് പഠനം നടത്തിയ ചിത്തിര തിരുന്നാൾ ബാലരാമവർമ മഹാരാജാവ് ക്ഷണിച്ചിരുന്നുവെന്ന ഒരു കഥകൂടിയുണ്ട്. ആ കത്ത് തയ്യാറാക്കിയത് മാത്യു ആയിരിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ല. പഴയ നിയമസഭാഹാളിലാണ് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനവും ബിരുദ ദാനച്ചടങ്ങുകളും നടന്നിരുന്നത്.
ട്രാവൻകൂർ യൂണിവേഴ്സിറ്റി 1957ൽ കേരള യൂണിവേഴ്സിറ്റിയായി മാറി. ഇക്കഥകൾ ഒക്കെ പെരേര സർ പലരോടും പങ്കുവെച്ചിട്ടുണ്ട്. ആദ്യകാലത്ത് ചോദ്യപേപ്പറുകൾ മദ്രാസിൽ പ്രിന്റ് ചെയ്ത് യൂണിവേഴ്സിറ്റിയിൽ എത്തിക്കുന്നതും ഉത്തര പേപ്പറുകൾ മൂല്യ നിർണയത്തിന് യഥാസ്ഥലങ്ങളിൽ എത്തിക്കുന്ന ജോലിയും ഉത്തരവാദിത്തതോടെ നിർവഹിച്ചിരുന്നത് മാത്യുവായിരുന്നു.
സർ സി.പി രാമസ്വാമി ഉൾപ്പെടെ ഒൻപത് വൈസ് ചാൻസലറുമാരുടെ പി.എ. ആയും പ്രൈവറ്റ് സെക്രട്ടറിയായും ജോലി ചെയ്ത് 1970 ജനുവരി 24ന് മാത്യു പെരേര ജോലിയിൽ നിന്ന് വിരമിച്ചു. പിന്നീട് ഒരു നിശബ്ദ ജീവിതം അദ്ദേഹം നയിച്ചു. അനന്തപുരിയുടെ ചരിത്രം എഴുതാൻ പലർക്കും പഴയ കഥകൾ പറഞ്ഞു കൊടുത്തു. സർവകലാശാലകൾ ഇല്ലാതിരുന്ന കാലത്തെ വിദ്യാഭ്യാസരീതി, 1937ൽ ഗാന്ധിജി തിരുവനന്തപുരത്ത് പ്രസംഗിച്ചത്, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആഘോഷം, ബാർട്ടൺ ഹിലിൽ സമയം അറിയിക്കാൻ പട്ടാളക്കാർ പീരങ്കിയിൽ വെടിവെയ്ക്കുന്നത്, വൈദ്യുതി ഇല്ലാത്ത കാലത്തെ ചൂട്ടു കത്തിച്ചു കൊണ്ടുളള ഉദ്യോഗസ്ഥരുടെ രാത്രിയാത്ര, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സായിപ്പുമാർ നിർമ്മിച്ചത്, പള്ളി മണി ബെൽജിയതു നിന്ന് കപ്പലിൽ വലിയതുറപ്പാലം വഴി ശംഖുമുഖത്ത് കൊണ്ടുവന്നത് തുടങ്ങി എത്രയെത്ര സംഭവങ്ങൾ മാത്യു പെരേര ഓർത്തു കൈമാറി.
പരേതയായ ലില്ലി പെരേരയായിരുന്നു ഭാര്യ. ദുബായിലും തിരുവനന്തപുരത്തും എറണാകുളത്തുമായി വിവിധ മേഖലകളിൽ ജോലി ചെയ്ത അഞ്ചു മക്കൾ ഉണ്ടായിരുന്നു. മൂന്ന് ആൺ മക്കൾ എറിക് പെരേര, വിൻസന്റ് പെരേര, ജോൺ ആഞ്ചലോ പെരേര പരേതരായ രണ്ടു പെൺമക്കൾ ഡൊറിൻ പെരേര, മെറ്റിൽഡ.
106 വർഷങ്ങൾ ജീവിച്ച മറ്റൊരു സമുദായഅംഗത്തെക്കുറിച്ച് അടുത്തെങ്ങും കേട്ടിട്ടില്ല. ഇത്രയുംകാലം ജീവിച്ച അദ്ദേഹത്തെ കുറിച്ച് എന്തുകൊണ്ട് എഴുതിയില്ല എന്നു ചോദിച്ചാൽ അത് തന്നെയാണല്ലോ നമ്മുടെ കുഴപ്പവും. ആര് ആരെ ഓർക്കാൻ?
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള യൂണിവേസിറ്റി വൈസ് ചാൻസലർ ഡോ. മഹാദേവൻ പിളള എന്നിവർ അദ്ദേഹത്തിന്റ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.