ജന്മനാടിന്റെ ദുരവസ്‌ഥയിൽ പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നു മ്യാൻമറിലെ കത്തോലിക്കരോട് ഫ്രാൻസിസ് പാപ്പ. ദുരിതഭൂമിയായി മാറിയ മ്യാൻമറിലെ കത്തോലിക്കർക്ക് വേണ്ടി ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കത്തീഡ്ര അൾത്താരയിൽ ബലിയർപ്പിച്ച പ്രാർഥിക്കവേയാണ് പാപ്പയുടെ ഐക്യദാർഢ്യം.
“ദയവായി, പ്രത്യാശ നഷ്ടപ്പെടുത്തരുത്: ഇന്നും യേശു പിതാവിന്റെ മുമ്പാകെ നമുക്കായി മാധ്യസ്ഥം വഹിക്കുന്നു. നമ്മുടെ രക്ഷയ്ക്കായി അവൻ നൽകിയ മുറിവുകളുമായി അവൻ പിതാവിന്റെ മുമ്പിൽ നിൽക്കുന്നു.” തങ്ങളുടെ ജീവിതത്തിലെ വേദനാജനകവും നാടകീയവുമായ നിമിഷങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് സുവിശേഷത്തിലെ (യോഹ 17 : 11-19) യേശുവിന്റെ മാതൃകയിൽ നിന്ന് പഠിക്കാൻ പാപ്പ ബർമീസ് കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചു. “നാം ദുഖത്തിന് വഴങ്ങുകയോ ഇനി ഒരു വഴിയില്ലെന്നു കരുതുന്നവരെപ്പോലെ നിരാശയിൽ വീഴുകയോ ചെയ്യരുത്. അതിനായി നമ്മുടെ വിശ്വാസം സ്‌ഥിരതയോടെ കാത്തുസൂക്ഷിക്കുക.”
2017 നവംബറിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഫ്രാൻസിസ് പാപ്പ സന്ദർശനം നടത്തിയിരുന്നു. റോമിലെ മ്യാന്മാർ സ്വദേശികളായ വിദ്യാർഥികളും സമർപ്പിതരും ഉൾപ്പെടെ ചുരുക്കം ചിലർ സാമൂഹ്യ അകലം പാലിച്ചു ദിവ്യബലിയിൽ പങ്കെടുത്തു. ഏകദേശം 100 ഭാഷകൾ സംസാരിക്കുന്ന മ്യാൻമർ എന്നറിയപ്പെടുന്ന വംശീയ വൈവിധ്യമാർന്ന രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ ബർമീസിലാണ് വായനകളും പ്രതിവചന സങ്കീർത്തനവും വായിച്ചത്.
ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറിയുണ്ടായത്. ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ സൈന്യം തടങ്കലിലാക്കുകയും രാജ്യത്ത് ഒരു വർഷത്തേക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ഏഴരലക്ഷത്തോളം കത്തോലിക്കാരാണ് ബർമയിലുള്ളത് – ജനസംഖ്യയുടെ 90 ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള ബർമയിൽ കത്തോലിക്കർ വെറും ഒരു ശതമാനം മാത്രം. യാംഗൂൺ അതിരൂപത അധ്യക്ഷനായ ആർച്ച്ബിഷപ് ചാൾസ് മൗങ് ബോയെ 2015ൽ രാജ്യത്തെ പ്രഥമ കർദിനാളായി ഫ്രാൻസിസ് പാപ്പ നിയമിച്ചിരുന്നു.
രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കൂട്ടക്കുരുതിയും തുടർന്നു. മെയ് 15 വരെ 700ഓളം പേർ അക്രമത്തിൽ മരിച്ചതായി അഡ്വക്കസി ഗ്രൂപ്പ് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് കണക്കാക്കുന്നു. ദാരിദ്ര്യം, കൊറോണ വൈറസ് പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത എന്നിവയുടെ ഫലമായി 3.4 ദശലക്ഷം ആളുകൾ വരെ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.