വെള്ളയമ്പലം: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി മാർച്ച് 22, വെള്ളിയാഴ്ച പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമാചരിക്കണമെന്ന് ഇന്ത്യൻ സഭയുടെ ആഹ്വാനം അതിരൂപതയിലെ എല്ലാ ഇടവകകളിലും, സന്യസ്ത ഭവനങ്ങളിലും, സ്ഥപനങ്ങളിലും പാലിക്കണമെന്ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ.
രാജ്യത്ത് മതധ്രുവീകരണം സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്ന ദു:ഖകരമായ സാഹചര്യം സംജാതമാകുന്നു. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുകയും ക്രിസ്തീയ സ്ഥാപനങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നതോടൊപ്പം ക്രൈസ്തവർക്ക് നേരെയുള്ള അക്രമ സംഭവങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ മാർച്ച് 22 വെള്ളിയാഴ്ച കുരിശിന്റെ വഴിക്കു ശേഷം ഒരുമണിക്കൂർ ദിവ്യകാരുണ്യാരധന എല്ലാ ഇടവകകളിലും നടത്തി രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭിവന്ദ്യ മെത്രാപൊലിത്ത അഭ്യർത്ഥിച്ചു. സാധിക്കുന്നവർ ഒരു നേരത്തെ ഭക്ഷണം വർജ്ജിച്ച് പ്രാർത്ഥനയിൽ ഒന്നുചേരണം. ബൈബിൾ പാരായണം, രാത്രി ജാഗരണം, മുഴുവൻ രഹസ്യങ്ങളും ധ്യാനിച്ചുകൊണ്ടുള്ള ജപമാല എന്നിവയും ഇടവകകളിലും, സന്യസ്തഭവനങ്ങളിലും, വ്യക്തിപരമായും നടത്താൻ പരിശ്രമിക്കണമെന്ന് വിശ്വാസികൾക്കായി പുറത്തിറക്കിയ തന്റെ സർക്കുലറിൽ അതിരൂപതാദ്ധ്യക്ഷൻ നിർദ്ദേശിച്ചു.