അര നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടത്താറുള്ള അപൂര്‍വ പ്രദര്‍ശനമാണ് ലിയോ പതിനാലാമന്‍ പാപ്പയുടെ സാന്നിധ്യത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
പാരിസ്: ക്രൈസ്തവ വിശ്വാസത്തിലെ അതിപുരാതന തിരുശേഷിപ്പുകളിലൊന്നായ യേശു ക്രിസ്തുവിന്റെ തിരുവസ്ത്രം ചരിത്രത്തിലാദ്യമായി ഒരു പാപ്പയുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ സെന്റ് ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ പങ്കെടുക്കുന്ന യുവജന പ്രാര്‍ഥനാ സംഗമത്തിലാണ് ഈ ചരിത്ര മുഹൂര്‍ത്തം ഒരുങ്ങുന്നത്. എണ്‍പതിനായിരത്തോളം യുവാക്കളാണ് ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഫ്രാന്‍സിലെ പാരിസിന് സമീപമുള്ള ബാസിലിന ഡി സെന്റ് ഡെനിസ് അര്‍ജന്റ്യൂവിലില്‍ കഴിഞ്ഞ 1200 ലേറെ വര്‍ഷങ്ങളായി സൂക്ഷിച്ചു പോരുന്നതാണ് ഈ തിരുശേഷിപ്പ്. ക്രിസ്തുവിന്റെ പീഡാസഹന വേളയില്‍ അണിഞ്ഞിരുന്നതെന്നും തയ്യലുകളില്ലാതെ നെയ്‌തെടുത്തതാണെന്നും വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രമാണിത്. അര്‍ജന്റ്യൂവിലില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള സ്റ്റേഡിയത്തിലേക്ക് അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് യേശുവിന്റെ തിരുവസ്ത്രം എത്തിക്കുന്നത്. കര മാര്‍ഗവും വ്യോമ മാര്‍ഗവും പ്രത്യേക നിരീക്ഷണങ്ങളുണ്ടാകും. 1983 ല്‍ ഈ തിരുശേഷിപ്പ് മോഷണം പോവുകയും മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൃത്യമായ യാത്രാ വഴി രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ് തിരുവസ്ത്രം പ്രദര്‍ശന വേദിയില്‍ എത്തിക്കുന്നത്.


