ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ (61 മീറ്റർ) ഇന്തോനേഷ്യയിൽ സ്ഥാപിച്ചു. സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് പ്രതിമ നിർമ്മിച്ചത്. ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് അന്റോണിയസ് സുബിയാന്റോ ബഞ്ചമിന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരം കൂടുതൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതോടെ ലോകത്തെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യമായി ഇന്തോനേഷ്യ മാറി. അടുത്തിടെ ഫ്രാൻസിസ് മാർപാപ്പായുടെ ഇന്തോനേഷ്യന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ വെച്ച് ഈ പ്രതിമയുടെ രൂപരേഖ പാപ്പായെ കാണിക്കുകയും അത് ആശിര്‍വദിക്കുകയും ചെയ്തിരുന്നു. പ്രതിമക്ക് താഴെയായി ആലേഖനം ചെയ്ത പ്രാര്‍ത്ഥനയില്‍ പാപ്പായുടെ ഒപ്പും ചേര്‍ത്തിട്ടുണ്ട്. ഇന്തോനേഷ്യയില്‍ 29 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. അവരില്‍ ഏഴ് ദശലക്ഷം ആളുകള്‍ കത്തോലിക്കരാണ്. ഓപ്പൺ ഡോർസ് കണക്കുകൾ പ്രകാരം, ക്രൈസ്തവർ ഏറ്റവും പീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനത്താണ് ഇന്തോനേഷ്യ.